കോട്ടയം സ്വദേശി സി വി ആനന്ദബോസ്‌ ബംഗാൾ ഗവർണർ



ന്യൂഡൽഹി> കോട്ടയം മാന്നാനം  സ്വദേശിയും  റിട്ട. ഐഎഎസ്‌ ഉദ്യോഗസ്ഥനുമായ ഡോ. സി വി ആനന്ദബോസിനെ ബംഗാൾ ഗവർണറായി രാഷ്‌ട്രപതി ദ്രൗപതി മുർമു നിയമിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം വ്യാഴം രാത്രിയോടെ രാഷ്‌ട്രപതി ഭവൻ പുറത്തിറക്കി. ഗവർണറായ ജഗ്‌ദീപ്‌ ധൻഖർ ഉപരാഷ്‌ട്രപതിയായ ഒഴിവിലാണ്‌  നിയമനം. നിലവിൽ മണപ്പൂർ ഗവർണർ എൽ ഗണേശനായിരുന്നു ബംഗാളിന്റെ ചുമതല. 2019ൽ ലോക്‌സഭ തെരഞ്ഞെുടുപ്പിന്‌ മുമ്പ്‌  ബിജെപിയിൽ ചേർന്ന ആന്ദനബോസിനെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനുള്ള ഏകാംഗ കമീഷനായി തൊട്ടടുത്ത വർഷം കേന്ദ്രസർക്കാർ നിയമിച്ചിരുന്നു. യുഎൻ പാർപ്പിട വിദഗ്ധനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. ചെലവ്‌ കുറഞ്ഞ രീതിയിൽ പാർപ്പിടമൊരുക്കാനുള്ള നിർമിതി കേന്ദ്രം കൊല്ലത്ത്‌ ആദ്യമായി സ്ഥാപിച്ചതിലും ആന്ദനബോസിന്‌ പങ്കുണ്ട്‌. കേന്ദ്രസർക്കാരുമായും ബിജെപി നേതൃത്വവുമായും അടുത്ത ബന്ധമുള്ള അദ്ദേഹം ചീഫ്‌ സെക്രട്ടറി റാങ്കിലാണ്‌ വിരമിച്ചത്‌.  നിയമസഭ തെരെഞ്ഞടുപ്പിൽ ബിജെപിയുടെ തോൽവിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ നേരിട്ട്‌ റിപ്പോർട്ട്‌ നൽകിയതും ആന്ദനബോസാണ്‌. 2017ൽ കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കേ ആനന്ദബോസിനെ ഗവർണറാക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കും അമിത്‌ ഷായ്‌ക്കും കത്തുനൽകിയെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. അതേസമയം ബിജെപിയുമായി തുറന്ന യുദ്ധത്തിലുളള തൃണമൂൽ കോൺഗ്രസിനും മമതബാനർജിക്കും മോദിയുടെ വിശ്വസ്‌തൻ ഗവർണറായി വരുന്നത്‌ കൂടുതൽ തലവേദനയുണ്ടാക്കുമെന്ന്‌ ഉറപ്പാണ്‌.   Read on deshabhimani.com

Related News