സിയുഇ പരീക്ഷ : മൂന്നാംദിനവും കൂട്ടക്കുഴപ്പം



ന്യൂഡൽഹി വേണ്ട തയ്യാറെടുപ്പില്ലാതെ തുടങ്ങിയ പ്രഥമ ദേശീയ ബിരുദ പൊതുപ്രവേശന പരീക്ഷയിൽ കൂട്ടക്കുഴപ്പം തുടരുന്നു. മൂന്നാം ദിവസമായ ശനിയാഴ്‌ച നിരവധി കേന്ദ്രങ്ങളിൽ പരീക്ഷ റദ്ദാക്കി. 15 ലക്ഷം കുട്ടികളും രക്ഷിതാക്കളും ആശങ്കയിലായി. സാങ്കേതിക പ്രശ്‌നമാണെന്നാണ്‌ വിശദീകരണം. 53 കേന്ദ്രത്തിലാണ്‌ സെർവർ തകരാറുണ്ടായത്‌. ഈ മാസം 12–-14 തീയതിയിൽ വീണ്ടും പരീക്ഷ നടത്തുമെന്നാണ്‌ അറിയിപ്പ്‌. ശനിയാഴ്‌ച നടന്ന പരീക്ഷയുടെ ഒന്നാം ഭാഗംപോലും പലയിടത്തും പൂർത്തിയാക്കിയില്ല. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും തകരാറുണ്ടായി. ആദ്യ പരീക്ഷമുതൽ കൂട്ടക്കുഴപ്പമാണ്‌. അവസാന നിമിഷം കേന്ദ്രം മാറ്റിയതും ഹാൾ ടിക്കറ്റ്‌ എടുക്കാനാകാത്തതും പ്രതിസന്ധി കൂട്ടി. ആഗസ്ത് 10ന്‌ സമാപിക്കേണ്ട പരീക്ഷയാണിത്‌. നീളുമെന്നുറപ്പാണ്‌. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ വാക്കും പാഴായി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ധൃതിപിടിച്ച്‌ നടത്താനുള്ള യുജിസി തീരുമാനമാണ്‌ പ്രതിസന്ധിക്ക്‌ കാരണം. കനത്ത മഴയെത്തുടർന്ന്‌ കേരളത്തിലെ പരീക്ഷ പിന്നീട്‌ നടത്തും. Read on deshabhimani.com

Related News