കരുതൽഎണ്ണയും മറിച്ചുവില്‍ക്കുന്നു; 19 ഡോളറിന് വാങ്ങിയ എണ്ണ 80 ഡോളറിന് വില്‍ക്കും



ന്യൂഡൽഹി > അസംസ്‌കൃത എണ്ണയുടെ കരുതൽശേഖരം മറിച്ചുവിറ്റ്‌ കൊള്ളലാഭം കൊയ്യാൻ കേന്ദ്രസർക്കാർ. വീപ്പയ്‌ക്ക്‌ 19 ഡോളറിനു വാങ്ങിയ എണ്ണ 80 ഡോളറിന്‌ വിൽക്കാനാണ്‌ തീരുമാനം. വാണിജ്യ ആവശ്യത്തിന്‌ ഉപയോഗിക്കാനാണ്‌ വിൽപ്പനയെന്നാണ്‌  വിശദീകരണം. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്രതീരുവ കുറച്ചതുവഴി ഉണ്ടായ നഷ്ടം നികത്തലാണ്‌ പ്രധാന ലക്ഷ്യം. ഒക്ടോബറിൽ മൂന്ന്‌ ലക്ഷം ടൺ എണ്ണ മംഗളൂരു റിഫൈനറിക്ക്‌ വിറ്റതായി ഇന്ത്യൻ സ്‌ട്രാറ്റജിക്‌ പെട്രോളിയം റിസർവ്‌സ്‌ ലിമിറ്റഡ്‌(ഐഎസ്‌പിആർഎൽ) വെളിപ്പെടുത്തി. 1.5 ലക്ഷം ടൺ എണ്ണ ഹിന്ദുസ്ഥാൻ പെട്രോളിയത്തിനും വിറ്റു. അടുത്ത മാസം 4.5 ലക്ഷം ടൺ കൂടി മംഗളൂരു റിഫൈനറിക്ക്‌ നൽകും. പൊതുമേഖല സ്ഥാപനമായ ഐഎസ്‌പിആർഎല്ലിന്‌ വിശാഖപട്ടണം, മംഗളൂരു, പാടൂർ എന്നിവിടങ്ങളിലാണ്‌ സംഭരണിയുള്ളത്‌. കരുതൽ നിക്ഷേപത്തിന്റെ ചുമതല ഇവർക്കാണ്‌. കഴിഞ്ഞ വർഷം ഏപ്രിൽ–-മെയ്‌ കാലത്ത്‌ കോവിഡിനെ തുടർന്ന്‌ രാജ്യാന്തരവിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 20 ഡോളറിൽ താഴെയായി. അക്കാലത്ത്‌ എണ്ണ ഇറക്കുമതി ഇനത്തിൽ 5,000 കോടി രൂപയുടെ നേട്ടമുണ്ടായെന്ന്‌ പെട്രോളിയം മന്ത്രാലയം സമ്മതിക്കുന്നു. അന്ന്‌ സംഭരിച്ചതാണ്‌ ഇപ്പോൾ മറിച്ചുവിൽക്കുന്നത്‌. മംഗളൂരുവിൽ ഐഎസ്‌പിആർഎല്ലിനു 7.5 ലക്ഷം ടണ്ണിന്റെ രണ്ട്‌ സംഭരണിയുണ്ട്‌. ഇതിൽ ഒരെണ്ണം 2019ൽ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക്‌ കൈമാറി. ഇതോടെ കച്ചവടലക്ഷ്യം പുറത്തായി. കരുതൽ എണ്ണശേഖരം 20 ശതമാനം ലാഭം ലക്ഷ്യമിട്ടാണ്‌ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്‌. സംഭരണികളിലെ 30 ശതമാനം സ്ഥലം പാട്ടത്തിന്‌ നൽകിയും ലാഭം ഉണ്ടാക്കുന്നു. അതേസമയം, വിപണിയിൽ അസംസ്‌കൃത എണ്ണ കൂടുതൽ ലഭ്യമാക്കി എണ്ണവില കുറയ്‌ക്കാനാണിതെന്ന്‌ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്‌. കച്ചവടത്തിനു മറയിടാനാണ്‌ ഈ പ്രചാരണം. മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷം റിസർവ്വ്‌ ബാങ്കിന്റെ കരുതൽ ശേഖരവും കേന്ദ്ര സർക്കാർ ഏറ്റെടുത്തിരുന്നു. Read on deshabhimani.com

Related News