അസം പ്രളയം നേരിടുന്നതിൽ സർക്കാരുകൾ പരാജയം: സിപിഐ എം



ന്യൂഡൽഹി പ്രളയക്കെടുതിയിൽ മുങ്ങിയ അസം ജനതയ്‌ക്ക്‌ സഹായം ലഭ്യമാക്കുന്നതിൽ കേന്ദ്ര– -സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ബ്രഹ്‌മപുത്ര താഴ്‌വരയിലും ബരാക്‌ താഴ്‌വരയിലും മനുഷ്യജീവനും സ്വത്തുവകകൾക്കും വൻ നാശമുണ്ടായി. 35ൽ 32 ജില്ലയിലെ 60 ലക്ഷം പേർ നിലനിൽപ്പിനായി പൊരുതുകയാണ്‌. നൂറിൽപ്പരം മരണമുണ്ടായി. 1.08 ലക്ഷം ഹെക്ടറിൽ വിളകൾ മുങ്ങി. ഏകദേശം 2000 കിലോമീറ്റർ റോഡ്‌ നശിച്ചു. ആയിരക്കണക്കിനു കന്നുകാലികൾക്ക്‌ ജീവനാശം ഉണ്ടായി. മഹാരാഷ്‌ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കുതിരക്കച്ചവടത്തിൽ മുഴുകിയ കേന്ദ്രത്തിലെയും അസമിലെയും ബിജെപി സർക്കാരുകൾ പ്രളയം കൈകാര്യം ചെയ്യുന്നതിൽ പൂർണമായി പരാജയപ്പെട്ടു.  ദുരിതബാധിതർക്ക്‌ ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കാനോ ആരോഗ്യപ്രവർത്തകരെ വിന്യസിക്കാനോ ഫലപ്രദമായ ശ്രമം നടക്കുന്നില്ല. സ്ഥിതിഗതി നിരീക്ഷിക്കാനും ദുരിതാശ്വാസപ്രവർത്തനം ഊർജിതമാക്കാനും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ സന്ദർശിച്ചിട്ടില്ല. ഇത്‌ അങ്ങേയറ്റം ഹൃദയശൂന്യമായ നിലപാടാണ്‌.അടിയന്തരമായി സഹായം എത്തിക്കണം. ഭക്ഷണം ഉൾപ്പെടെയുള്ളവ ക്യാമ്പുകളിൽ എത്തിക്കണം. വീടും വസ്‌തുവകകളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന്‌ സർക്കാർ നടപടി എടുക്കണം.അസമിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകാനും പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. ദേശീയദുരന്തമായി പ്രഖ്യാപിക്കണം: 
കിസാൻസഭ അസമിലെ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര ദുരിതാശ്വാസ നടപടി കൈക്കൊള്ളണമെന്നും അഖിലേന്ത്യ കിസാൻസഭ ആവശ്യപ്പെട്ടു. ബ്രഹ്മപുത്ര, ബറാക്ക്‌ താഴ്‌വരകളിലെ വിനാശകരമായ വെള്ളപ്പൊക്കം നൂറുകണക്കിനു ജീവനുകൾ അപഹരിച്ചു. 32 ദുരിതബാധിത ജില്ലയിലെ 5424 ഗ്രാമത്തിലായി 60 ലക്ഷത്തോളംപേർ പ്രളയത്തിൽ  വലിയ ബുദ്ധിമുട്ട്‌ നേരിടുന്നു. ജനങ്ങളുടെ ദുരിതങ്ങൾക്ക്‌ ആശ്വാസമേകുന്നതിൽ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരും സംസ്ഥാനം ഭരിക്കുന്ന ഹിമന്ത ബിസ്വ സർമയും പൂർണമായും പരാജയപ്പെട്ടു. അസം ജനതയെ സഹായിക്കാൻ കിസാൻസഭാ നേതൃത്വം പരമാവധി ശ്രമിക്കുന്നുണ്ട്‌. എല്ലാ സംസ്ഥാന ഘടകങ്ങളും അസം ജനതയെ സാമ്പത്തികമായി സഹായിക്കണമെന്നും കിസാൻസഭ ആഹ്വാനം ചെയ്‌തു. Read on deshabhimani.com

Related News