ബിജെപിയുടെ കള്ളക്കഥ കലാപമുണ്ടാക്കാൻ: കെ ബാലകൃഷ്ണൻ



നാഗർകോവിൽ > കള്ളക്കഥ പ്രചരിപ്പിച്ച് തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. ബിഹാറിൽനിന്നുള്ള  കുടിയേറ്റ തൊഴിലാളികളെ  നാട്ടുകാർ കൊലപ്പെടുത്തിയെന്ന് കള്ളക്കഥ മെനഞ്ഞത് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ അണ്ണാമലൈയാണ്. മാറുമറയ്ക്കൽ പോരാട്ടത്തിന്റെ    ഇരുനൂറാം വാർഷികത്തിന് നാഗർകോവിലിൽ എത്തിയ കെ ബാലകൃഷ്ണൻ ദേശാഭിമാനിയോട് പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിന്റെ പിറന്നാളാഘോഷത്തിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നുണക്കഥ ഇറക്കിയത്. ഇതിന്റെ ചുവടുപിടിച്ച് ബിജെപി അംഗങ്ങൾ ബിഹാർ സഭയിൽ ബഹളമുണ്ടാക്കി. തൊഴിലാളികൾ മരിച്ചത് ട്രെയിൻ തട്ടിയും പരസ്പരം കുത്തിയുമാണെന്നതിനുള്ള തെളിവുകൾ പൊതുജനങ്ങൾക്കു മുന്നിലുണ്ട്. തമിഴ്നാട് മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക് പണിയെടുത്ത് ജീവിക്കാൻ കഴിയാത്ത മണ്ണാണെന്ന് സ്ഥാപിക്കുകയാണ് ബിജെപി ലക്ഷ്യം. എക്കാലവും എല്ലാ നാട്ടുകാരെയും സ്വീകരിച്ച നാടാണിത്. ബിജെപി നേതാവിന്റെ തട്ടിപ്പ് ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News