ഒമിക്രോൺ : രാജ്യത്ത്‌ സമൂഹവ്യാപനം ; മൂന്നാംതരംഗത്തിന്റെ മൂർധന്യം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ



ന്യൂഡൽഹി കോവിഡ്‌ ഒമിക്രോൺ വകഭേദം രാജ്യത്ത്‌ സമൂഹവ്യാപനഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്ന മെട്രോനഗരങ്ങളിൽ വൈറസ് സാന്നിധ്യം മൂര്‍ധന്യാവസ്ഥയിലാണ്. ആശുപത്രികളിലും തീവ്രപരിചരണവിഭാഗങ്ങളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുമെന്നും മുന്നറിയിപ്പ്‌. വൈറസിന്റെ ജനിതകവ്യതിയാനം  ആരോഗ്യമന്ത്രാലയം നിയോ​ഗിച്ച രാജ്യത്തെ 38 ലാബിന്റെ കൂട്ടായ്‌മയായ  ഇന്ത്യൻ സാർസ്‌ കോവി 2 ജീനോമിക്‌സ്‌ കൺസോർഷ്യത്തിന്റെ (ഇൻസാകോഗ്‌) ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് വെളിപ്പെടുത്തല്‍. ഒമിക്രോൺ ബാധിതരില്‍ ഇപ്പോള്‍ ഭൂരിപക്ഷത്തിനും  കാര്യമായ ലക്ഷണമില്ല. എങ്കിലും ഇതുയർത്തുന്ന ആശങ്ക  സജീവമാണ്‌. വാക്സിനാല്‍ സൃഷ്ടിക്കപ്പെട്ട പ്രതിരോധശേഷി മറികടക്കുന്ന സ്വഭാവം ആര്‍ജിച്ചതായി കരുതുന്ന അടുത്തിടെ റിപ്പോർട്ട്‌ ചെയ്‌ത സാർസ്‌ കോവി 2 പുതിയ വകഭേദം–- ബി.1.640.2 ശ്രേണി സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്‌.  ഈ വകഭേദം അതിവേഗം പടരുന്നതിന്റെ ലക്ഷണം പ്രകടിപ്പിക്കാത്തതിനാൽ ആശങ്കാജനകമല്ല. ഇന്ത്യയിൽ ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒമിക്രോൺ ബിഎ 2 എന്ന ശ്രേണി രാജ്യത്ത്‌ ശക്തമായ സാന്നിധ്യമാണ്‌. ഒമിക്രോൺ സമൂഹവ്യാപനഘട്ടത്തിലേക്ക്‌ നീങ്ങുകയാണെന്നും വിദേശങ്ങളിൽ നിന്നെത്തുന്നവരിൽനിന്നല്ല, ആഭ്യന്തര വ്യാപനത്തിനാണ്‌ സാധ്യത കൂടുതലെന്നും ഇൻസാകോഗ്‌ മുമ്പ് കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡിനെ ചെറുക്കാന്‍ അനുയോജ്യമായ പെരുമാറ്റരീതയും  വാക്സിനും മാത്രമാണ് ഏക പ്രതിവിധിയെന്നും ചൂണ്ടിക്കാട്ടി. മൂന്നാംതരംഗത്തിന്റെ 
മൂർധന്യം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രാജ്യത്ത്‌ കോവിഡ്‌ മൂന്നാംതരംഗം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മൂർധന്യത്തിലെത്തുമെന്ന്‌ വിലയിരുത്തൽ.  ഫെബ്രുവരി ആറ്‌ വരെ ഈ നില തുടരും. മദ്രാസ്‌ ഐഐടി ഗണിതശാസ്‌ത്രവിഭാഗത്തിന്റെയും സെന്റർ ഓഫ്‌ എക്‌സലൻസ്‌ ഫോർ കംപ്യൂട്ടേഷണൽ മാത്തമാറ്റിക്‌സ്‌ ആൻഡ്‌ ഡാറ്റാസയൻസിന്റെയും പ്രാഥമിക വിലയിരുത്തലിലാണിക്കാര്യം.  ഫെബ്രുവരി ഒന്നിനും 15നുമിടയിലാകും മൂന്നാംതരംഗത്തിന്റെ മൂർധന്യമെന്നായിരുന്നു മുൻപഠനങ്ങൾ. അതേസമയം, വെള്ളിവരെയുള്ള ഏഴ്‌ ദിവസത്തിൽ  വൈറസ്‌ വ്യാപനതോതിന്റെ ആർ വാല്യു 1.57 ശതമാനമായി കുറഞ്ഞു. ഒരാളിൽനിന്ന്‌ എത്ര പേരിലേക്ക്‌ രോഗം പടരാൻ സാധ്യതയുണ്ടെന്ന സൂചകമാണ്‌ ആർ വാല്യു. ഇത്‌ ഒന്നിന്‌ താഴെ ആയാൽ നിയന്ത്രണവിധേയമാകുമെന്നാണ്‌ കണക്കുകൂട്ടൽ. ഡിസംബർ 25–-31 വരെ  2.9, ജനുവരി ഒന്ന്‌ മുതൽ നാല്‌ വരെ 4, ജനുവരി ഏഴ്‌ മുതൽ 13 വരെ 2.2 എന്നിങ്ങനെയായിരുന്നു ആർ വാല്യു. Read on deshabhimani.com

Related News