രാജ്യത്തെ കോവിഡ്‌സ്ഥിതി മഹാമോശം, രാഷ്ട്രീയത്തിന്‌ അപ്പുറം‌ ചിന്തിക്കണം ; അനാസ്ഥ ചൂണ്ടിക്കാട്ടി സുപ്രീം കോടതി



ന്യൂഡൽഹി രാജ്യത്തെ കോവിഡ്‌ സാഹചര്യം മോശത്തിൽനിന്ന്‌ മഹാമോശമായി മാറിയെന്ന്‌ സുപ്രീംകോടതി. കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനങ്ങൾ രാഷ്ട്രീയത്തിന്‌ അപ്പുറം‌ ചിന്തിക്കണമെന്നും കൂടുതൽ ഊർജസ്വല നടപടികൾ സ്വീകരിക്കണമെന്നും ജസ്‌റ്റിസ്‌ അശോക് ‌ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിർദേശിച്ചു. ഗുജറാത്ത്‌ രാജ്‌കോട്ടിൽ കോവിഡ്‌ ആശുപത്രിയിൽ തീപിടിത്തമുണ്ടായി ആറ്‌ രോഗികൾ മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ആദ്യമായല്ല കോവിഡ്‌ ആശുപത്രിയിൽ തീപിടിത്തം ഉണ്ടാകുന്നതെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. നേരത്തെ അഹമദാബാദിലും ആന്ധ്രാപ്രദേശിലും കോവിഡ്‌ ആശുപത്രികളിൽ അഗ്നിബാധയുണ്ടായി‌. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തടയാൻ സർക്കാരുകൾ മുൻകരുതൽ എടുക്കുന്നില്ല. കോവിഡ്‌ ആശുപത്രികളിലെ അടിസ്ഥാനപ്രശ്‌നങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ പരിശ്രമിക്കണം. കോവിഡ്‌ മാർഗനിർദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം.  ആഘോഷങ്ങളും ഘോഷയാത്രകളും പൊടിപൊടിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. 60 ശതമാനം പേർക്കും മാസ്‌കില്ല. 30 ശതമാനം പേർ മാസ്‌ക്‌ നേരെചൊവ്വേ  ഉപയോഗിക്കുന്നില്ല. രാജ്യത്തെ സാഹചര്യം മോശത്തിൽനിന്ന്‌ മഹാമോശമെന്ന നിലയിലേക്ക്‌ അധഃപതിച്ചു. കർശന നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം നിഷ്‌ഫലമാകുമെന്നും -സുപ്രീംകോടതി നിരീക്ഷിച്ചു. കോവിഡ്‌ ആശുപത്രികളിൽ തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്നത്‌ ഗുരുതര വീഴ്‌ചയാണെന്ന്‌ കേന്ദ്രസർക്കാരിന്‌ വേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർ മെഹ്‌ത സമ്മതിച്ചു. കോടതി ഉന്നയിച്ച ആശങ്കകൾ മുഴുവൻ സർക്കാർ ഉൾക്കൊള്ളുന്നു. അടിയന്തരമായി യോഗംചേർന്ന്‌‌ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സോളിസിറ്റർ ജനറൽ ഉറപ്പുനൽകി. ഗുജറാത്ത്‌ കോവിഡ്‌ ആശുപത്രി തീപിടിത്തം: 6 മരണം ഗുജറാത്തിലെ കോവിഡ്‌ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറു രോഗികൾ മരിച്ചു. രാജ്‌കോട്ട്‌ ശിവാനന്ദ്‌ ആശുപത്രിയുടെ ഐസിയുവിലാണ്‌ വെള്ളിയാഴ്‌ച പുലർച്ചെ ഒന്നോടെ അപകടമുണ്ടായത്‌. 33 പേരാണിവിടെ ചികിത്സയിലുണ്ടായിരുന്നത്‌. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ചികിത്സയിലുള്ളവർ വീണ്ടും കൂടി പ്രതിദിന രോഗികളുടെ എണ്ണം രോഗമുക്തരേക്കാൾ കൂടിത്തുടങ്ങിയതോടെ രാജ്യത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും വർധന‌. ചികിത്സയിലുള്ളവർ നേരത്തേ നാലര ലക്ഷത്തിൽ താഴ്‌ന്നിരുന്നു. വെള്ളിയാഴ്‌ചയോടെ ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും നാലര ലക്ഷം കടന്നു. 4.55 ലക്ഷം പേരാണ്‌ നിലവിൽ ചികിത്സയിൽ. 24 മണിക്കൂറിൽ 43,082 പേർ രോഗബാധിതരായപ്പോൾ 39,379 പേർമാത്രമാണ്‌ മുക്തരായത്‌. ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ മഹാരാഷ്ട്രയിലാണ്‌–- 6406. രോഗമുക്തരുടെ എണ്ണം 87.18 ലക്ഷമായി. രോഗമുക്തി നിരക്ക്‌ 93.65 ശതമാനത്തിലെത്തി. 24 മണിക്കൂറിൽ 492 പേരാണ്‌ മരിച്ചത്‌. ഡൽഹിയിലാണ്‌ കൂടുതൽ മരണം–- 91. മഹാരാഷ്ട്ര–- 65, ബംഗാൾ–- 52, യുപി–- 30, പഞ്ചാബ്‌–- 26, ഹരിയാന–- 25 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം. ആകെ മരണത്തിൽ 34.49 ശതമാനം മഹാരാഷ്ട്രയിലാണ്‌. Read on deshabhimani.com

Related News