രാജ്യത്ത്‌ കോവിഡ്‌ പരിശോധന പത്തിലൊന്നുപേർക്ക്‌



ന്യൂഡൽഹി രാജ്യത്ത്‌ കോവിഡ്‌ പരിശോധന നിരക്ക്‌ പത്തിലൊന്ന്‌ എന്ന നിരക്കിൽ. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിലെ പരിശോധന തോത്‌ പത്തുലക്ഷം പേരിൽ  1,00,159.7 എന്നതാണ്‌. 24 മണിക്കൂറിൽ 11.57 ലക്ഷം പരിശോധന നടത്തി. ആകെ പരിശോധന 13.82 കോടിയായി. കേരളത്തിലെ പരിശോധനനിരക്ക്‌ പത്തുലക്ഷത്തിന്‌ 1.26 ലക്ഷമാണ്‌. പരിശോധനനിരക്കിൽ ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. മധ്യപ്രദേശ്‌, രാജസ്ഥാൻ, ബംഗാൾ, യുപി, മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്‌, അരുണാചൽ, ഹിമാചൽ എന്നീ സംസ്ഥാനങ്ങൾ പരിശോധനനിരക്കിൽ ദേശീയ ശരാശരിയേക്കാൾ പിന്നിലാണ്‌. മധ്യപ്രദേശിൽ ദശലക്ഷം പേരിൽ 42,895 എന്നതാണ്‌ പരിശോധനത്തോത്‌. 24 മണിക്കൂറിൽ 41,322 പേർക്കുകൂടി രാജ്യത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 4.55 ലക്ഷം പേരാണ്‌ ചികിത്സയിലുള്ളത്‌.  24 മണിക്കൂറിൽ 41,452 പേർ രോഗമുക്തരായി. 485 പേർകൂടി രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. കൂടുതൽ മരണം ഡൽഹിയിലാണ്‌– -98. രാജ്യത്ത്‌ ആകെ കോവിഡ്‌ കേസുകൾ 94 ലക്ഷത്തോടടുത്തു. കോവിഡ്‌ മരണം 1.37 ലക്ഷത്തിലേക്ക്‌ അടുത്തു. പ്രധാനമന്ത്രി സന്ദർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്‌ച രാജ്യത്തെ മൂന്ന്‌ കോവിഡ്‌ വാക്‌സിൻ നിർമാണകേന്ദ്രങ്ങൾ സന്ദർശിച്ച്‌ ശാസ്‌ത്രജ്ഞരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അഹമദാബാദിലെ സൈഡസ്‌ കാഡില, ഹൈദരാബാദിലെ ഭാരത്‌ ബയോടെക്, പുണെയിലെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയാണ്‌ സന്ദർശിച്ചത്‌.ഓക്‌സ്ഫഡ്‌ സർവകലാശാല വികസിപ്പിച്ച വാക്സിനാണ്‌ ബ്രിട്ടനിലെ ആസ്‌ട്ര സെനിക്കയുമായി ചേർന്ന്‌ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ നിർമിക്കുന്നത്‌. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ പുരോഗമിക്കുന്നു‌. ബ്രിട്ടനിൽ മൂന്നുഘട്ട പരീക്ഷണവും പൂർത്തിയാക്കി. അടിയന്തര ഉപയോഗത്തിനുള്ള അനുമതി‌ക്കായി ശ്രമിക്കുന്നു‌. ബ്രിട്ടനിൽ മൂന്നാംഘട്ട പരീക്ഷണത്തിൽ വാക്സിൻ ഡോസിൽ വന്ന അളവുവ്യത്യാസം വിവാദമായിരുന്നു. രണ്ട്‌ പൂർണ ഡോസ്‌ നൽകിയവരിൽ ഫലപ്രാപ്‌തി 62 ശതമാനമാണ്‌. രണ്ട്‌ ഘട്ടങ്ങളിലായി ഒന്നര ഡോസ്‌ നൽകിയവരിലാകട്ടെ 90 ശതമാനവും. ഭാരത്‌ ബയോടെക്ക്‌ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സിനും മൂന്നാംഘട്ട പരീക്ഷണത്തിലാണ്‌‌. ‘സൈക്കോവ്‌–-ഡി’ വാക്‌സിനാണ്‌ സൈഡസ്‌ ബയോടെക്ക്‌ വികസിപ്പിക്കുന്നത്‌.  Read on deshabhimani.com

Related News