രണ്ടാംതരംഗത്തില്‍ 
മുഖ്യലക്ഷണം ശ്വാസതടസ്സം



ന്യൂഡൽഹി കോവിഡ്‌ രണ്ടാംതരംഗത്തിൽ പ്രധാന രോഗലക്ഷണം ശ്വാസതടസ്സമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ പ്രൊഫ. ബൽറാം ഭാർഗവ.  ആദ്യഘട്ടത്തെപ്പോലെ ഇപ്പോഴും  40 വയസ് കഴിഞ്ഞവരാണ് കൂടുതലായി രോഗികളാകുന്നത്. ആദ്യതരംഗത്തില്‍ ചുമയും സന്ധിവേദനയും തലവേദനയും രോഗികളെ ബുദ്ധിമുട്ടിച്ചു. രണ്ടാം തരംഗത്തിൽ കൂടുതൽ പേര്‍ക്കും ശ്വാസംമുട്ടുണ്ട്. അതിനാല്‍ ഓക്‌സിജൻ ആവശ്യം കൂടി. രണ്ടുഘട്ടത്തിലെയും മരണത്തില്‍ കാര്യമായ വ്യത്യാസമില്ല, രണ്ടാംഘട്ടത്തില്‍ 54.5 ശതമാനത്തിന് ഓക്സിജന്‍ നൽകി. ആദ്യഘട്ടത്തില്‍ ഇത് 41.5 ശതമാനമായിരുന്നു. രോഗികളിൽ 70 ശതമാനവും 40 വയസ്സിന്‌ മുകളിലുള്ളവരാണ്‌. ചെറുപ്പക്കാരിലെ രോഗബാധകൂടിയത് വളരെ നേരിയ തോതില്‍ മാത്രം–- അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ടത്തില്‍ യുവാക്കളെയാണ് രോഗം കൂടുതല്‍ പിടികൂടുന്നതെന്ന വാദം നിതി ആയോ​ഗ് അം​ഗം വി കെ പോളും തള്ളി. അദ്യഘട്ടത്തിലെ രോ​ഗികളില്‍ 31 ശതമാനമായിരന്നു 30 വയസ്സില്‍ താഴെയുള്ളത്. രണ്ടാംഘട്ടത്തില്‍ അത്‌ 32 ശതമാനം.  കാര്യമായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News