രോഗികളിൽ വീണ്ടും റെക്കോർഡ്‌ വർധന ; രോഗമുക്തിയിൽ ആശ്വസിച്ച്‌ കേന്ദ്രം



ന്യൂഡൽഹി രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ്‌ വർധന‌. സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ചൊവ്വാഴ്‌ച  5700 ലേറെ പേർക്ക്‌ പുതുതായി രോഗം റിപ്പോർട്ടുചെയ്‌തു. രാജ്യത്ത്‌ ആകെ രോഗികൾ 1,05,498 ആയി. 3211 പേർ മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം 2100 പുതിയ രോഗികൾ. ഇതിൽ 1411  മുംബൈയിലാണ്‌. 43 പേർകൂടി നഗരത്തിൽ മരിച്ചു. മുംബൈയിൽ മരണം 800 ആയി. ഞായറാഴ്‌ച 5242 പേർക്ക്‌ രോഗം റിപ്പോർട്ടുചെയ്‌തതാണ്‌ നേരത്തെയുള്ള റെക്കോർഡ്‌. ചൊവ്വാഴ്‌ച ഇത്‌‌ വീണ്ടും ഉയർന്നു. രാജ്യത്ത് രോഗികളുടെ എണ്ണത്തിലെ കുതിപ്പിനിടയിലും രോഗമുക്തിനിരക്കും മരണനിരക്കും ഉയർത്തിക്കാട്ടി ആശ്വസിക്കുകയാണ്‌‌ കേന്ദ്ര സർക്കാർ. കോവിഡ്‌ ബാധിതർ ഒരു ലക്ഷം കടന്നതോടെ ആരോഗ്യമന്ത്രാലയത്തിന്റെ പതിവ്‌ വാർത്താസമ്മേളനം  രണ്ടുദിവസമായി നിർത്തിവച്ചു‌. 24 മണിക്കൂറിൽ റിപ്പോർട്ട്‌ ചെയ്യുന്ന പുതിയ രോഗികളുടെ എണ്ണവും കേന്ദ്രം അറിയിക്കുന്നില്ല. പകരം രോഗമുക്തി നേടുന്നവരുടെ എണ്ണമാണ്‌ വാർത്താക്കുറിപ്പിലുള്ളത്‌. വിവിധ സംസ്ഥാനങ്ങളിൽ പുതിയ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. തമിഴ്നാട്ടിലും ഗുജറാത്തിലും 12000 കടന്നു. തമിഴ്നാട്ടിൽ 688, ഗുജറാത്തിൽ 395, ഡൽഹിയിൽ 500 എന്നിങ്ങനെയാണ്‌ പുതിയ രോഗികൾ. ഗുജറാത്തിൽ 25 പേർകൂടി മരിച്ചു. ആകെ മരണം എഴുനൂറിലേറെയായി. ഡൽഹി, മധ്യപ്രദേശ്‌, ബംഗാൾ എന്നിവിടങ്ങളിൽ ആറുവീതം മരണം. പഞ്ചാബിൽ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. രോഗമുക്തി നിരക്ക് 38.73 ശതമാനമായെന്ന്‌ കേന്ദ്രം അറിയിച്ചു. ചികിത്സയിലുള്ളവർ 58802. ഇതിൽ 2.9 ശതമാനം മാത്രമാണ് ഐസിയുവിലുള്ളത്. ലക്ഷം പേരിൽ 0.2 ശതമാനമാണ്‌ മരണനിരക്ക്. ആഗോളനിരക്ക് 4.1 ശതമാനമാണെന്ന്‌ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിനുമുകളിൽ പരിശോധന നടത്തി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.   Read on deshabhimani.com

Related News