കോവിഡ്‌ 19 : രാജ്യത്ത്‌ 5 മരണം ; ലോകത്ത്‌ മരണം 36000 കടന്നു



ന്യൂഡൽഹി രാജ്യത്ത്‌ തിങ്കളാഴ്‌ച  കോവിഡ്‌ ബാധിച്ച്‌ അഞ്ച്‌ പേർ കൂടി മരിച്ചു. മഹാരാഷ്ട്രയിൽ രണ്ട്‌ പേരും ഗുജറാത്ത്‌, ബംഗാൾ,  പഞ്ചാബ്‌ എന്നിവിടങ്ങളിൽ ഒരോരുത്തരുമാണ്‌  മരിച്ചത്‌. മധ്യപ്രദേശിലെ ഉജ്ജയ്‌നിയിൽ വെള്ളിയാഴ്‌ച  മരിച്ച മുപ്പത്തെട്ടുകാരന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ മരണം 35 ആയി. 1071  പേർക്ക്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇവരിൽ 99 പേർ അതിജീവിച്ചു.   പുണെയിൽ  അമ്പത്തിരണ്ടുകാരനും മുംബൈയിൽ എൺപതുകാരനുമാണ്‌ മരിച്ചത്‌. മഹാരാഷ്ട്രയിൽ മരണം പത്തായി. പഞ്ചാബിലെ ലുധിയാനയിൽ 42കാരിയാണ്‌ മരിച്ചത്‌. സംസ്ഥാനത്തെ മൂന്നാമത്തെ മരണമാണിത്‌. ഗുജറാത്തിൽ ചികിത്സയിലുണ്ടായിരുന്ന നാൽപ്പത്തഞ്ചുകാരനും പശ്ചിമ ബംഗാളിൽ കാളിംപോങിൽ നാൽപ്പത്തിനാലുകാരിയും മരിച്ചു. ലോകത്ത്‌ മരണം 36000 കടന്നു ലോകത്താകെ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം ഏഴരലക്ഷം കടന്നു. മരണസംഖ്യ 36000 കടന്നു. ഏറ്റവുമധികം രോഗികളുള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലധികമായി. ഇറ്റലിയിലും രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ സ്‌പെയിനും(85195) ചൈനയെ മറികടന്നു. ഇറ്റലിയിൽ മരണസംഖ്യ 11591 ആയി. സ്‌പെയിനിൽ 812 പേർ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 7340. ചൈനയിൽ നാല്‌ പേർ കൂടി മരിച്ചു. മരണസംഖ്യ 3304. ഇറാനിൽ 117 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 2757. ഇവിടെ രോഗം ബാധിച്ചത്‌ 41495 പേർക്ക്‌. സഹായിക്ക്‌ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിരീക്ഷണത്തിലായി.  ബ്രിട്ടനിലെ ചാൾസ്‌ രാജകുമാരൻ രോഗമുക്തനായി. രോഗബാധിതനായ പ്രധാനമന്ത്രി ബോറിസ്‌ ജോൺസന്റെ  സഹായിക്കും ലക്ഷണങ്ങൾ കണ്ടു.   Read on deshabhimani.com

Related News