മരണം പൂഴ്‌ത്തി ; ലോകാരോ​ഗ്യസംഘടനയുടെ വെളിപ്പെടുത്തല്‍, നാണംകെട്ട്‌ കേന്ദ്രം



ന്യൂഡൽഹി കോവിഡ്‌ മഹാമാരി ഫലപ്രദമായി നേരിട്ടെന്ന മോദി സർക്കാരിന്റെ അവകാശവാദം പൊളിച്ച് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. 2020 ജനുവരിമുതൽ 2021 ഡിസംബർവരെ ഇന്ത്യയിൽ 47 ലക്ഷംപേർ കോവിഡിനിരയായെന്നാണ് ഡബ്ല്യുഎച്ച്‌ഒ സ്ഥിരീകരിച്ചത്. കേന്ദ്ര കണക്കില്‍ ഇക്കാലയളവില്‍ കോവിഡ്‌ മരണം 4.81 ലക്ഷം മാത്രം. പുറത്തുവിട്ടതിന്റെ പത്തിരട്ടി മരണം പൂഴ്ത്തിയത് പുറത്തുവന്നത് മോദി സർക്കാരിന്‌ രാജ്യാന്തരതലത്തില്‍ വന്‍ നാണക്കേടായി. വിവരങ്ങൾ പൂർണമായും കൈമാറാത്ത  രാജ്യങ്ങളുടെ പട്ടികയിലാണ്‌ ഇന്ത്യയുടെ സ്ഥാനം. കോവിഡ്‌ മരണം ഇന്ത്യ വലിയ തോതിൽ മറച്ചുവയ്‌ക്കുന്നെന്ന്‌ ന്യൂയോർക്ക്‌ ടൈംസ്‌ അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ലഖ്‌നൗ, അഹമ്മദാബാദ്‌, ഭോപാൽ തുടങ്ങി നഗരങ്ങളിലെ ശ്‌മശാനങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന മരണവും സർക്കാരിന്റെ ഔദ്യോഗിക കണക്കും തമ്മിലെ പൊരുത്തമില്ലായ്‌മ സഹിതമാണ് റിപ്പോർട്ട്‌. വാഷിങ്‌ടൺ ആസ്ഥാനമായുള്ള സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റ്‌ പോലുള്ള സംഘടനകളും ഇന്ത്യയിലെ കോവിഡ് മരണം ഔദ്യോഗിക കണക്കിന്റെ പത്തിരട്ടി വരുമെന്ന് ശാസ്‌ത്രീയ പഠനങ്ങളിലൂടെ കണ്ടെത്തിയിരുന്നു. കേരള സർക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ അന്തർദേശീയ മാധ്യമങ്ങളും മറ്റും പ്രശംസിച്ച ഘട്ടത്തിലാണ് മോദി സർക്കാരിന്റെ കണക്കുകളിൽ അവർ അവിശ്വാസം രേഖപ്പെടുത്തിയത്‌. ഗംഗ, യമുന തുടങ്ങിയ ഉത്തരേന്ത്യൻ നദികളിൽ ആയിരക്കണക്കിന്‌ അജ്‌ഞാത മൃതദേഹങ്ങൾ ഒഴുകുന്നതിന്റെയും നൂറുകണക്കിന്‌ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കുന്നതിന്റെയും ദൃശ്യങ്ങൾ കോവിഡ്‌ മരണക്കണക്കിലെ പൊരുത്തമില്ലായ്‌മ സ്ഥിരീകരിക്കുന്നതായി. Read on deshabhimani.com

Related News