കോവിഡ് മരണം പൂഴ്ത്തി ​ഗുജറാത്ത് ; മരിച്ചത്‌ 10,094 പേരെന്ന്‌ രേഖകൾ



ന്യൂഡൽഹി   ഗുജറാത്തിൽ കോവിഡ് മരണം 10,094 എന്ന് ഔദ്യോഗികകണക്ക്‌, കോവിഡ‍് മരണ സഹായം നല്‍കിയത് 58,843 പേർക്ക്. ആനുകൂല്യത്തിന് അപേക്ഷിച്ചത് 89, 633പേര്‍. പരസ്യപ്പെടുത്തിയ സംഖ്യയുടെ എട്ടുമടങ്ങുവരെ മരണം സംഭവിച്ചെന്നും ഇക്കാര്യം ​ഗുജറാത്ത് മറച്ചുവെച്ചെന്നും ഇതോടെ വെളിപ്പെട്ടു. കോവിഡിനിരയായവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണവുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ്‌ കണക്കിലെ വൈരുധ്യം പുറത്തായത്. തെലങ്കാനയിലും സമാനമായി മരണസംഖ്യ മറച്ചുവെച്ചതായി വെളിപ്പെട്ടു. തെലങ്കാനയില്‍  3993 പേർ മരിച്ചുവെന്നാണ്‌ ഔദ്യോഗികകണക്ക്‌. 28,969 പേർ സാമ്പത്തികസഹായത്തിന്‌ അപേക്ഷിച്ചു. 12,148 പേർക്ക്‌ സഹായം നൽകി. യുപിയിൽ രേഖകൾ അനുസരിച്ച്‌ 22,928 പേർ മരിച്ചപ്പോൾ 29,141 അപേക്ഷകർക്ക്‌ സാമ്പത്തികസഹായം വിതരണം ചെയ്‌തു.  പല സംസ്ഥാനവും കോവിഡ്‌ മരണ കണക്കുകൾ പൂഴ്‌ത്തിവയ്‌ക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. കോവിഡ്‌ മരണമെന്ന്‌ സ്ഥിരീകരിച്ചാൽ ആശ്രിതർക്ക്‌ അരലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവ്‌. ഗുജറാത്ത്‌ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഔദ്യോഗിക കണക്കിൽ ഉൾപ്പെടാത്ത പതിനായിരങ്ങളുടെ ബന്ധുക്കളാണ്‌ സഹായം നേടിയത്. സാമ്പത്തികസഹായം നൽകിയില്ലെങ്കിൽ ആശ്രിതർ രേഖകൾ സഹിതം കോടതിയെ സമീപിച്ചേക്കും. മരണസംഖ്യ സംബന്ധിച്ച്‌ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താന്‍ ഇതിടയാക്കും. ഇതൊഴിവാക്കാനാകും ധനസഹായം നൽകിയതെന്ന് കരുതുന്നു. Read on deshabhimani.com

Related News