രാജ്യം വിപരീതദിശയില്‍ ; മുന്നറിയിപ്പുമായി വിദ​ഗ് ധര്‍, തൊഴിലാളികളുടെ ക്ഷേമം രാജ്യത്തിന്റെ ബാധ്യത



ന്യൂഡൽഹി കോവിഡ്‌ പ്രതിസന്ധിഘട്ടത്തില്‍ എന്താണോ ചെയ്യേണ്ടത്‌ അതിന്റെ വിപരീതദിശയിലേക്കാണ്‌ രാജ്യത്ത്‌  കാര്യങ്ങൾ നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി സാമ്പത്തികവിദ​ഗ്ധര്‍. സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍  ബ്രിട്ടൻ, വിയത്‌നാം, ബംഗ്ലാദേശ്‌, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായമേഖലയിലെ ശമ്പളബാധ്യതയുടെ ഗണ്യമായ പങ്ക്‌ സർക്കാർ ഏറ്റെടുത്തു. തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കേണ്ടത്‌ രാജ്യത്തിന്റെ ബാധ്യതയാണ്‌. തൊഴിലാളികൾക്ക്‌ കോട്ടമുണ്ടായാൽ രാജ്യമാകെ മുങ്ങും–-ഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ ഡെവലപ്‌മെന്റിലെ സെന്റർ ഫോർ എംപ്ലോയ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഡയറക്ടർ രവി ശ്രീവാസ്‌തവയും ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച്‌ ഓൺ ഇന്റർനാഷണൽ ഇക്കണോമിക്‌ റിലേഷൻസിലെ രാധിക കപൂറും ചൂണ്ടിക്കാട്ടി. തൊഴിൽസമയം എട്ടിൽനിന്ന്‌ പന്ത്രണ്ട്‌ മണിക്കൂറാക്കുന്നത് സമ്പദ്‌ഘടനയെ കൂടുതൽ മോശം അവസ്ഥയിലെത്തിക്കും. തൊഴിൽസമയം കൂട്ടുന്നതിനുപകരം ഷിഫ്‌റ്റുകളുടെ എണ്ണം കൂട്ടുകയാണ്‌ വേണ്ടതെന്ന് രവി ശ്രീവാസ്‌തവ പറഞ്ഞു. തൊഴിൽനിയമം മരവിപ്പിച്ച  ഉത്തർപ്രദേശ്‌പോലുള്ള സംസ്ഥാനങ്ങൾ കൊടിയ ചൂഷണത്തിന് വഴിയൊരുക്കിയെന്ന്‌ രാധിക കപൂർ പറഞ്ഞു. വാങ്ങൽശേഷിയിലുണ്ടായ ഇടിവാണ്‌  മാന്ദ്യത്തിന്‌ പ്രധാന കാരണം. ഇത്‌ കോവിഡ്‌ കാലത്തിനുമുമ്പേ തുടങ്ങി‌. വേതനവർധനയിലെ ഇടിവും പെരുകിയ തൊഴിലില്ലായ്‌മയുമാണ്‌ വാങ്ങൽശേഷി ദുർബലമാക്കിയത്‌. തൊഴിലും വേതനവും ഇല്ലാതാകുന്നത്‌ വാങ്ങൽശേഷി വീണ്ടും കുറയ്ക്കും. ഇതു സമ്പദ്‌ഘടനയുടെ തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു.   Read on deshabhimani.com

Related News