അതിജീവനത്തിന്റെ വഴിവിളക്കായി ജ്യോതി



ന്യൂഡൽഹി രാജ്യത്ത് അതിഥിത്തൊഴിലാളികൾ നേരിടുന്ന ദുരന്തങ്ങൾക്ക് മധ്യേ ജ്യോതികുമാരി പാസ്വാനും അച്ഛൻ മോഹനും നടത്തിയ സാഹസികയാത്രയ്‌ക്ക്‌ ലോകത്തിന്റെ ആദരം. കാൽമുട്ടിന്‌ പരിക്കേറ്റ അച്ഛനെ പഴയ സൈക്കിളിനു പിന്നിലിരുത്തി ഒമ്പത് ദിവസംകൊണ്ട്‌  1,200 കിലോമീറ്റർ താണ്ടിയാണ് പതിനഞ്ചുകാരി‌ ജ്യോതികുമാരി സുരക്ഷിതമായി ജന്മനാട്ടിൽ എത്തിയത്‌. യാത്രയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.  വിദേശത്തുനിന്നടക്കം അഭിനന്ദന പ്രവാഹമാണ്‌. ബിഹാറിലെ ദർഭംഗ സ്വദേശിയായ മോഹൻ ഹരിയാനയിലെ ഗുരുഗ്രാമിൽ ഇ–-ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പോറ്റിയത്. ജനുവരി 26നുണ്ടായ വാഹനാപകടത്തിൽ കാൽമുട്ടിന്‌ പരിക്കേറ്റു. അച്ഛനെ പരിചരിക്കാൻ അമ്മയ്‌ക്കും മൂത്തസഹോദരിക്കും ഒപ്പം ജ്യോതികുമാരി ഗുരുഗ്രാമിൽ എത്തി. കുറച്ചുദിവസത്തിനുശേഷം അമ്മ ഫൂലോ ദേവിയും സഹോദരിയും മടങ്ങി. ഗുരുഗ്രാം സിക്കന്ദർപുരിൽ വാടകവീട്ടിൽ മോഹനും ജ്യോതികുമാരിയും തനിച്ചായി. ജോലി ചെയ്യാനാകാതെ മൂന്ന് മാസത്തോളം കഴിയേണ്ടിവന്നതോടെ സമ്പാദ്യം തീർന്നു. വാടക നൽകാൻ പണമില്ലാതായി. മുറി ഒഴിയണമെന്നായി വീട്ടുടമ. ജ്യോതികുമാരിയുടെ കൈവശം ഉണ്ടായിരുന്ന 2000 രൂപ കൊടുത്ത് പഴയ സൈക്കിൾ വാങ്ങി. ഒരു കുപ്പി വെള്ളവുമായി ഇരുവരും മെയ് ഏഴിന്‌ യാത്ര തിരിച്ചു. വഴിയിൽ ഇടയ്ക്കിടെ സുമനസ്സുകൾ ഭക്ഷണവും വെള്ളവും നൽകി. ചില നേരങ്ങളിൽ ബിസ്കറ്റ് മാത്രം.  രാത്രി പെട്രോൾ പമ്പുകൾക്ക് സമീപത്ത്‌ കഴിച്ചുകൂട്ടി.  നാട്ടിൽ ഇപ്പോൾ ക്വാറന്റൈൻ കേന്ദ്രത്തിലാണ് മോഹൻ. ജ്യോതികുമാരി വീട്ടിലും. മകൾ ധൈര്യം പകർന്നതുകൊണ്ട് മാത്രമാണ് യാത്രയ്ക്ക് തയ്യാറായതെന്ന് മോഹൻ. ഭക്ഷണവും പണവും തീർന്നപ്പോൾ എങ്ങനെയും വീട്ടിലെത്തണമെന്ന് മാത്രമാണ് ചിന്തിച്ചതെന്ന് ജ്യോതികുമാരി പറഞ്ഞു. വഴിമധ്യേ പരിചയപ്പെട്ട ഒരാൾ ഇവരുടെ യാത്രാചിത്രം ട്വിറ്ററിൽ പങ്കുവച്ചു.  മികച്ച സൈക്ലിങ് താരമായി മാറാനുള്ള ശേഷി ജ്യോതികുമാരിക്കുണ്ടെന്ന് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ഓംകാർ സിങ് പറഞ്ഞു. ജ്യോതികുമാരിക്ക് താൽപ്പര്യമുണ്ടെങ്കിൽ അടച്ചുപൂട്ടൽ കഴിഞ്ഞശേഷം സൗകര്യപ്രദമായ സ്ഥലത്ത് പരിശീലനം നൽകാമെന്നും അദ്ദേഹം പറഞ്ഞു. ജ്യോതികുമാരിയുടെ യാത്ര ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ ശ്രദ്ധേയ വാർത്തയായി. Read on deshabhimani.com

Related News