കോവിഡ്‌ വ്യാപനം രൂക്ഷം; കർണാടകയിൽ സ്‌കൂളുകൾ ഉടൻ തുറക്കില്ല



ബംഗളൂരു > കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകർ. സ്‌കൂൾ തുറന്നു പ്രവർത്തിച്ചാൽ, കുട്ടികളിൽ രോഗവ്യാപനമുണ്ടാകാൻ സാധ്യതയുണ്ട്. ഇങ്ങിനെ ഒരു അവസ്ഥ വന്നാൽ നിലവിലെ ചികിത്സാ സൗകര്യങ്ങൾ തികയാതെ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗവ്യാപനം കൂടിനിൽക്കുന്നതിനാൽ സ്‌കൂളുകൾ ഉടൻ തുറക്കേണ്ടെന്നാണ് വിദഗ്ധസമിതി സർക്കാരിന് നൽകിയ ഉപദേശം. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഒട്ടേറെ ഡോക്‌ടർമാരും സ്‌കൂളുകൾ തുറക്കുന്നതിൽ ആശങ്കയറിയിച്ചു. നടപ്പു അധ്യയനവർഷം അവസാനിക്കാറായി വരുന്നതിനാൽ എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കുന്നതായിരിക്കും ഉചിതമെന്നും എന്നാൽ, പത്താം ക്ലാസ് വിദ്യാർഥികളെ ജയിപ്പിക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകളും ആലോചനയും അനിവാര്യമെന്നും വിദഗ്ധകമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനാൽ സ്‌കൂളുകൾ തുറക്കരുതെന്ന് മുൻമുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും ആവശ്യപ്പെട്ടു. സ്വകാര്യ സ്‌കൂൾ ലോബിയുടെ സമ്മർദങ്ങൾക്ക് വഴങ്ങി കുട്ടികളുടെ ജീവൻവെച്ചു കളി ക്കരുതെന്നും മുൻ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. ചില സ്‌കൂൾ മാനേജ്‌മന്റ്കൾക്ക്പണമുണ്ടാക്കാൻ ധൃതിയാണെന്നും അവരുടെ താൽപര്യങ്ങൾക്കു സർക്കാർ വഴങ്ങരുതെന്ന് മുൻ മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. കോവിഡ് നിയന്ത്രണത്തിലാകുന്നതുവരെ സ്‌കൂൾ തുറക്കരുതെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ പ്രാഥമിക വിദ്യാഭ്യാസമന്ത്രി സുരേഷ് കുമാറിന് കത്തെഴുതി. ഓൺലൈൻ ക്ലാസുകൾ തുടരുകയാണ് നിലവിലെ സാഹചര്യത്തിൽ അനുയോജ്യമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി നേരിട്ട് ചർച്ച ചെയ്യുമെന്നും ഇരു മുഖ്യമന്ത്രിമാരും പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം മാത്രമേ സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി യെദിയൂരിയപ്പ പറഞ്ഞു. സംസ്ഥാനത്തെ കോളേജുകളും സ്‌കൂളുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ഈ തീരുമാനം ബാധകമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News