കുമിഞ്ഞുകൂടി കോർപറേറ്റ്‌ കിട്ടാക്കടം ; തിരിച്ചുപിടിച്ചത്‌ 7 ശതമാനം



ന്യൂഡൽഹി എട്ട്‌ വർഷത്തിനിടെ രാജ്യത്തെ 12 പൊതുമേഖലാ ബാങ്ക്‌ കിട്ടാക്കടമായി എഴുതിത്തള്ളിയത്‌ 6.32 ലക്ഷം കോടി രൂപ. 100 കോടിയോ അതില്‍ കൂടുതലോ വൻകിടക്കാര്‍ക്ക് വായ്പ നല്‍കിയതിലൂടെ ഉണ്ടായതാണ് കിട്ടാക്കടത്തില്‍ 2.78 ലക്ഷം കോടിയും. വൻകിടക്കാർ വരുത്തിവച്ച കിട്ടാക്കടത്തിൽ തിരിച്ചുപിടിക്കാനായത് 19,207 കോടിമാത്രമെന്നും വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി വെളിപ്പെടുത്തി. മൊത്തം കിട്ടാക്കടത്തിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിന്റെ തോത്‌ 17 ശതമാനമാണെങ്കിൽ വൻകിടക്കാരിൽനിന്ന്‌ തിരിച്ചുപിടിച്ചത്‌ ഏഴ്‌ ശതമാനംമാത്രം.  നാല്‌ വർഷത്തിനിടെ പ്രഖ്യാപിച്ച മൊത്തം കിട്ടാക്കടം 4.95 ലക്ഷം കോടി. ഇതിൽനിന്ന്‌ തിരിച്ചുപിടിച്ചത്‌ 79,150 കോടി മാത്രം (16 ശതമാനം). കിട്ടാക്കടമായി പ്രഖ്യാപിച്ചാലും തിരിച്ചുപിടിക്കാൻ കഴിയുമെന്ന്‌ ബാങ്കുകൾ അവകാശപ്പെടുമ്പോഴും ബാലൻസ്‌ ഷീറ്റിൽ ആസ്‌തിയിൽനിന്ന്‌ ഇത്‌ ഒഴിവാക്കും. തിരിച്ചുപിടിക്കാനുള്ള സാധ്യത വിരളമാണെന്നാണ്‌ കാരണം. എസ്‌ബിഐ, പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഐഡിബിഐ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ എന്നിവയാണ്‌ കിട്ടാക്കടത്തിൽ മുന്നിൽ. വിവരാവകാശ പ്രവർത്തകൻ വിവേക്‌ വേലങ്കാർ ആണ്‌ ഈ വിവരങ്ങൾ ശേഖരിച്ചത്‌. മോഡിയുടെ സുഹൃത്തുക്കളുടെ കൊള്ള പ്രധാനമന്ത്രി മോഡിയുടെ സുഹൃത്തുക്കളായ കോർപറേറ്റുകളാണ്‌ ബാങ്കുകളുടെ പണം കൊള്ളയടിക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനാണ്‌ അടുത്ത നീക്കം–- യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു. Read on deshabhimani.com

Related News