കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍; പരിഗണിക്കാമെന്ന്‌ കേന്ദ്രം



ന്യൂഡൽഹി > ജനവാസമേഖലയിൽ ശല്യമായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന്‌ കേന്ദ്രം ഉറപ്പുനൽകിയെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി സംരക്ഷണ നിയമം 62–-ാം വകുപ്പുപ്രകാരം കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന്‌ കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനെ സന്ദര്‍ശിച്ച മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, മുഖ്യ വനം മേധാവി പി കെ കേശവൻ എന്നിവർ കേന്ദ്ര വനം–-പരിസ്ഥിതി സെക്രട്ടറിയുമായും ഡയറക്ടർ ജനറലുമായും ഇക്കാര്യത്തില്‍ ചർച്ച നടത്തും.കേരളത്തിലെത്തുന്ന കേന്ദ്ര വനംമന്ത്രിയുടെ സാന്നിധ്യത്തിലും ചർച്ചകളുണ്ടാകുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മനുഷ്യ–-വന്യജീവി സംഘർഷ ലഘൂകരണത്തിനായി തയ്യാറാക്കിയ സമഗ്രപദ്ധതി രേഖ കേന്ദ്രത്തിന്‌ കൈമാറി. അഞ്ചുവർഷംകൊണ്ട് പദ്ധതി നടപ്പാക്കാന്‍ 620 കോടി ആവശ്യപ്പെട്ടു.ചെലിവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കാമെന്നാണ്‌ നിർദേശം. സാമ്പത്തിക ലഭ്യതയനുസരിച്ച് സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. കാമ്പ എന്ന ദേശീയ അതോറിറ്റിയുടെ ഫണ്ടിൽനിന്ന്‌ ഡിജിറ്റൈസേഷന് 60 കോടിരൂപ സഹായധനം ആവശ്യപ്പെട്ടെന്നും മന്ത്രി അറിയിച്ചു.   Read on deshabhimani.com

Related News