രാഹുൽ ​ഗാന്ധിയുടെ വീട്ടിൽ ഡൽഹി പൊലീസ്: രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്



ന്യൂഡൽഹി> രാഹുൽ ​ഗാന്ധിയുടെ ഡൽഹിയിലെ വീട്ടിലെത്തിയ പൊലീസ് മടങ്ങി. ഡൽഹി സ്‌പെഷ്യൽ കമ്മീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാഹുലിന്റെ വീട്ടിൽ എത്തിയത്. തിരക്കിലാണെന്നും പിന്നീട് മറുപടി നൽകാമെന്നും രാഹുൽ അറിയിച്ചതിനെ തുടർന്നാണ് മടങ്ങുന്നതെന്ന് പൊലീസ് അറിയിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ, സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാവുന്നതായി താൻ കേട്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡൽഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്. രാഹുൽഗാന്ധിക്കെതിരായ പൊലീസ് നടപടി രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ് പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ ലക്ഷക്കണക്കിന് സ്ത്രീകളെ നേരിൽ കണ്ട് രാഹുൽ സംസാരിച്ചിരുന്നു. ഈ വിവരങ്ങൾ രണ്ടുദിവസത്തിനുള്ളിൽ നൽകണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്​വി കുറ്റപ്പെടുത്തി.   Read on deshabhimani.com

Related News