കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ : പത്രികാസമർപ്പണം 24 മുതൽ; സ്ഥാനാർഥിയിൽ അവ്യക്തത



ന്യൂഡൽഹി കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികാ സമർപ്പണത്തിന്‌   ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ഔദ്യോഗിക സ്ഥാനാർഥി ആരെന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. 24 മുതൽ 30 വരെയാണ്‌ പത്രികാസമർപ്പണത്തിനുള്ള സമയപരിധി. ഭാരത്‌ ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധിയുടെ മനസ്സ്‌ മാറ്റാനുള്ള ശ്രമം ഇപ്പോഴും സോണിയാ കുടുംബഭക്ത സംഘം തുടരുകയാണ്‌. എന്നാൽ, രാഹുൽ നിലപാട്‌ മാറ്റിയില്ലെങ്കിൽ ആരെ സ്ഥാനാർഥിയാക്കുമെന്നതിൽ അവ്യക്തത തുടരുകയാണ്‌. അതേസമയം, തെരഞ്ഞെടുപ്പ്‌ പ്രക്രിയ സുതാര്യമായാണ്‌ മുന്നോട്ടുപോകുന്നതെന്ന്‌ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ്‌ അതോറിറ്റി തലവൻ മധുസൂദൻ മിസ്‌ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു. ഓരോ പിസിസിയിലെയും വരണാധികാരികൾ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യാൻ അവകാശമുള്ള പിസിസി പ്രതിനിധികളുടെ യോഗം വിളിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്‌ പുതിയ പിസിസി പ്രസിഡന്റുമാരെയും എഐസിസി പ്രതിനിധികളെയും നിയമിക്കാൻ അധികാരം നൽകിയുള്ള പ്രമേയങ്ങൾ ഈ യോഗങ്ങളിൽ പാസാക്കും. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുമായി ഈ നടപടിക്രമത്തിന്‌ ഒരു ബന്ധവുമില്ല. 10 പിസിസി പ്രതിനിധികളുടെ പിന്തുണയോടെ നാമനിർദേശപത്രിക സമർപ്പിക്കുന്നവർക്ക്‌ എഐസിസി ഓഫീസിൽ വോട്ടർപട്ടിക പരിശോധിക്കാം. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തശേഷം എഐസിസി സമ്മേളനം ചേരും. എഐസിസി സമ്മേളനത്തിൽ പുതിയ 23 അംഗ പ്രവർത്തകസമിതിയെ തെരഞ്ഞെടുക്കും –- മിസ്‌ത്രി അറിയിച്ചു. Read on deshabhimani.com

Related News