മോദിക്ക് കോൺഗ്രസിന്റെ അവകാശലംഘന നോട്ടീസ്‌



ന്യൂഡൽഹി പാര്‍ലമെന്റില്‍ സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ  അവകാശലംഘന നോട്ടീസുമായി കോണ്‍​ഗ്രസ്. "നെഹ്‌റു വലിയ മഹാനാണെങ്കിൽ എന്തുകൊണ്ടാണ്‌ ഇവരാരും ആ പേര്‌ ഉപയോഗിക്കാത്തതെ'ന്ന് രാജ്യസഭയിൽ ഫെബ്രുവരി ഒമ്പതിന് മോദി നടത്തിയ പരിഹാസമാണ് നോട്ടീസിന് ആധാരം. എംപിമാരെന്ന നിലയിൽ സോണിയക്കും രാഹുലിനുമുള്ള അവകാശങ്ങളുടെ ലംഘനമാണ്‌ മോദി നടത്തിയതെന്ന്‌ കെ സി വേണുഗോപാൽ നോട്ടീസിൽ പറയുന്നു. ലോക്‌സഭയിൽ മോദിക്കെതിരായി പരാമർശങ്ങൾ നടത്തിയതിന്‌ ബിജെപി എംപി നിഷികാന്ത്‌ ദൂബെ രാഹുലിനെതിരായി അവകാശലംഘന നോട്ടീസ്‌ നൽകിയിട്ടുമുണ്ട്‌. ഇതിൽ നടപടി പുരോഗമിക്കുകയാണ്‌. അതേസമയം രാഹുലിനെ ലോക്‌സഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യാൻ ബിജെപി ശ്രമിക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തിരുന്നു. വിദേശത്ത്‌ രാജ്യദ്രോഹകരമായ പരാമർശം നടത്തിയെന്ന്‌ ആരോപിച്ചാണ്‌ നീക്കം. Read on deshabhimani.com

Related News