സത്യമായിട്ടും കൂറുമാറില്ല, ദൈവമാണേ സത്യം... ഗോവയിൽ സ്ഥാനാർഥികളെ കൊണ്ട്‌ പ്രതിജ്ഞയെടുപ്പിച്ച്‌ കോൺഗ്രസ്‌



പനജി > തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കൂറ്‌ മാറാതിരിക്കാൻ സ്ഥാനാർഥികളെ പള്ളികളിലും അമ്പലങ്ങളിലുമെത്തിച്ച്‌  പ്രതിജ്ഞയെടുപ്പിച്ച്‌ കോൺഗ്രസ്‌. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായാണ്‌ കോൺഗ്രസിന്റെ വിചിത്ര നടപടി. ഫെബ്രുവരി 14ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഇതുവരെ പ്രഖ്യാപിച്ച 36 സ്ഥാനാര്‍ഥികളേയും കൊണ്ട്‌  ജയിച്ചാലും പാര്‍ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്നാണ്‌ പ്രതിജ്ഞ എടുപ്പിച്ചത്‌. പനജിയിലെ മഹാലക്ഷ്‌മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലെ പള്ളിയിലും ബെറ്റിമിലെ മുസ്ലിം പള്ളിയിലുമെത്തിയാണ്‌ ശനിയാഴ്‌ച സ്ഥാനാർഥികൾ പ്രതിജ്ഞയെടുത്തത്‌. ജയിച്ചു കഴിഞ്ഞ്‌ നേതാക്കൾ ബിജെപിയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ്‌ മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന സ്ഥാനാർഥികളെ കൊണ്ട്‌ കൂറ്‌ മാറില്ലെന്ന്‌ പ്രതിജ്ഞയെടുപ്പിക്കേണ്ട അവസ്ഥയിലേക്ക്‌ കോൺഗ്രസ്‌ എത്തിയത്‌. ഇതിന്റെ ചിത്രങ്ങൾ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കുകയും ചെയ്‌തു. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. കോൺഗ്രസ്‌ എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറുകയായിരുന്നു. ഗോവയിൽ 17 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിന്‌ നിലവിൽ രണ്ട്‌ പേർ മാത്രമാണ്‌ അവശേഷിക്കുന്നത്‌. ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ദിനേശ് ഗുണ്ടറാവു, ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ ദിഗംബര്‍ കാമത്ത് തുടങ്ങിയവര്‍ സ്ഥാനാര്‍ഥികളോടൊപ്പമുണ്ടായിരുന്നു.   All Congress candidates visit Mahalaxmi temple and pledge loyalty to the electorate and the party.#PledgeOfLoyalty pic.twitter.com/K27aJVFaJu — Goa Congress (@INCGoa) January 22, 2022 Read on deshabhimani.com

Related News