നേതാക്കളുടെ ബന്ധുക്കൾക്ക്‌ സീറ്റ്‌ നൽകരുതെന്ന്‌ ചിന്തൻ ശിബിർ; തിരിച്ചടി ഭയന്ന്‌ വിയോജിച്ച്‌ കേരള നേതാക്കൾ



ഉദയ്‌പുർ > നേതാക്കളുടെ സംഘടനാ പ്രവർത്തനപരിചയമില്ലാത്ത കുടുംബാംഗത്തെ സ്ഥാനാർഥികളാക്കരുതെന്ന്‌ ചിന്തൻ ശിബിരത്തിൽ നിർദേശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പി ടി തോമസിന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയത്‌ തിരിച്ചടിയാകുമെന്ന്‌ ഭയന്ന്‌ കേരള നേതാക്കൾ നിർദേശത്തെ എതിർത്തു. നേതാക്കളുടെ കുടുംബാംഗങ്ങളെ സ്ഥാനാർഥികളായി പരിഗണിക്കുമ്പോൾ അഞ്ചു വർഷത്തെയെങ്കിലും പ്രവർത്തനപരിചയം വേണം. സംഘടനാ വിഷയത്തിൽ റിപ്പോർട്ട്‌ തയ്യാറാക്കിയ മുകുൾ വാസ്‌നിക്‌ സമിതിയാണ്‌ ഈ നിർദേശം ഉൾപ്പെടുത്തിയത്‌. കേരള നേതാക്കൾ വിയോജിച്ചെങ്കിലും അന്തിമ റിപ്പോർട്ടിലും ഇതുണ്ട്‌. ഞായറാഴ്‌ച പ്രവർത്തകസമിതി കൂടി അംഗീകരിച്ചാൽ ഭേദഗതി നിലവിൽ വരും. പാർടിയിൽ കുടുംബാധിപത്യത്തിന്‌ നിയന്ത്രണം കൊണ്ടുവരികയെന്ന ലക്ഷ്യത്തിലാണ്‌ ഈ നിർദേശം ഉയർന്നത്‌. അഞ്ചു വർഷമായതിനാൽ സോണിയ കുടുംബത്തിന്‌ ഭേദഗതി ബാധകമാകില്ല. 2019 മുതൽ പ്രിയങ്ക ഗാന്ധി സംഘടനാരംഗത്തുണ്ട്‌. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ആകുമ്പോൾ അഞ്ചു വർഷമാകും. പ്രസിഡന്റ്‌ ഒഴികെയുള്ള ഭാരവാഹിത്വത്തിൽ പരമാവധി അഞ്ചു വർഷം, എല്ലാ സമിതികളിലും 50 ശതമാനം 50 വയസ്സിൽ താഴെ ഉള്ളവർ തുടങ്ങിയ നിർദേശവുമുണ്ട്‌. Read on deshabhimani.com

Related News