ഇന്ത്യയിൽ ഇനി കോൺഗ്രസ്‌ മുഖ്യമന്ത്രിമാർ നാല്‌ സംസ്ഥാനത്ത്‌



ന്യൂഡൽഹി > കോൺഗ്രസ്‌നേതാവ്‌ കമൽനാഥ്‌ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെ രാജ്യത്ത്‌ കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുടെ  എണ്ണം നാലായി ചുരുങ്ങി. ജാർഖണ്ഡിലും മഹാരാഷ്ട്രയിലും കോൺഗ്രസ്‌ ഭരണമുന്നണിയുടെ ഭാഗമാണ്‌. 15 മാസം നീണ്ട കമൽനാഥ്‌ സർക്കാർ വീണതോടെ മധ്യപ്രദേശിൽ ഇനി ബിജെപി സർക്കാർ അധികാരമേൽക്കും. മധ്യപ്രദേശിൽ പിളർപ്പിനുശേഷം കോൺഗ്രസിന്റെ അംഗബലം 92 ആയി ചുരുങ്ങി. ബിജെപിക്ക്‌ 107 എംഎൽഎമാരുണ്ട്‌. 2018 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ 230 അംഗ നിയമസഭയിൽ 114 പേരെ വിജയിപ്പിക്കാൻ കഴിഞ്ഞ കോൺഗ്രസ്‌ സ്വതന്ത്രരും എസ്‌‌പി–-ബിഎസ്‌‌പി അംഗങ്ങളുമടക്കം മറ്റ്‌ ഏഴു പേരുടെ പിന്തുണയിലാണ്‌ സർക്കാർ രൂപീകരിച്ചത്‌. മുമ്പേ‌ രണ്ട്‌ ഒഴിവുണ്ടായിരുന്ന നിയമസഭയുടെ അംഗബലം ഇപ്പോൾ 206 മാത്രമാണ്‌. കേവലഭൂരിപക്ഷത്തിനു 104 പേരുടെ പിന്തുണ മതി. ഇതോടെ ബിജെപി നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ  കളമൊരുങ്ങി. നിലവിൽ രാജസ്ഥാൻ, പഞ്ചാബ്‌, പുതുച്ചേരി, ചത്തീസ്‌ഗഢ്‌ എന്നിവിടങ്ങളിലാണ്‌ കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുള്ളത്‌. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ള എംഎൽഎമാരെ തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ നിയമസഭയിൽ വിശ്വാസവോട്ട്‌ തേടാതെ മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥ്‌ രാജിവച്ചത്‌.  ഒരാഴ്‌‌ച മുമ്പാണ്‌ ആറു മന്ത്രിമാരടക്കം 22 പേരെ പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലേക്ക്‌ കടത്തിയ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിൽ ചേർന്നത്‌. തൊട്ടുപിന്നാലെ സിന്ധ്യക്ക്‌ ബിജെപി രാജ്യസഭാംഗത്വവും നൽകി. കമൽനാഥ്‌ സർക്കാർ വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിനകം വിശ്വാസവോട്ട്‌ തേടണമെന്ന്‌ സുപ്രീകോടതി നിർദേശിച്ചതിനെ തുടർന്ന്‌ പകൽ രണ്ടിനു സഭസമ്മേളനം വിളിച്ചു. സർക്കാർ രാജിവച്ചതോട സഭ  അനിശ്‌ചിത കാലത്തേയ്‌ക്ക്‌ പിരിഞ്ഞു. Read on deshabhimani.com

Related News