ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ : ആംബുലൻസിന്റെ പേരിൽ 
ബിജെപി കോൺഗ്രസ്‌ പോര്‌



ന്യൂഡൽഹി ആംബുലൻസിന്റെ പേരിൽ ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി–-കോൺഗ്രസ്‌ പോര്‌. അഹമ്മദാബാദിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി  റോഡ്‌ ഷോ നടത്തവെ വാഹനവ്യൂഹം ആംബുലൻസിന്‌ വഴിമാറിക്കൊടുത്തത്‌ അദ്ദേഹത്തിന്റെ സഹജീവിസ്‌നേഹത്തിനു തെളിവായി ബിജെപി പ്രചരിപ്പിച്ചു. രാഹുൽഗാന്ധി ഇത്തരത്തിൽ പ്രവർത്തിക്കാറില്ലെന്നും ആരോപിച്ചു.   ട്വിറ്ററിൽ ഇതിന്റെ ദൃശ്യം ബിജെപി നേതാക്കൾ പങ്കുവച്ചു.   എന്നാൽ മോദി ഹിമാചൽപ്രദേശിൽ റോഡ്‌ഷോ നടത്തിയപ്പോഴും ഇത്തരത്തിൽ ആംബുലൻസ്‌ എത്തിയെന്നും ആംബുലൻസിനെ ബിജെപിയുടെ ‘താരപ്രചാരകനായി’ പ്രഖ്യാപിക്കണമെന്നും യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌  ബി വി ശ്രീനിവാസ്‌ ട്വീറ്റ്‌ ചെയ്‌തു. പ്രധാനമന്ത്രിയുള്ള സ്ഥലത്ത്‌ സുരക്ഷാപരിശോധനകളില്ലാതെ ആംബുലൻസ്‌ എത്തുന്നത്‌ ആകസ്‌മികമല്ലെന്നും ശ്രീനിവാസ്‌ കുറിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന 93 സീറ്റിൽ പരസ്യപ്രചാരണം ശനിയാഴ്‌ച സമാപിക്കും. അഹമ്മദാബാദ്‌, ആരവല്ലി, പത്താൻ, ഗാന്ധിനഗർ മേഖലകളിലെ 14 ജില്ലയിലാണ്‌ രണ്ടാംഘട്ട വോട്ടെടുപ്പ്‌. Read on deshabhimani.com

Related News