ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസ്‌; എഎപിക്ക്‌ പിന്തുണയുമായി കോൺഗ്രസും



ന്യൂഡൽഹി ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ നിയമന– -സ്ഥലംമാറ്റ അധികാരം ലെഫ്‌. ഗവർണർക്ക്‌ കൈമാറിയുള്ള കേന്ദ്ര ഓർഡിനൻസിനെതിരായി കോൺഗ്രസും രംഗത്ത്‌. വിഷയത്തിൽ എഎപി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട്‌ പറഞ്ഞു. കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ കണ്ട്‌ പിന്തുണ അറിയിച്ചിരുന്നു. ഇടതുപക്ഷ പാർടികളും ഓർഡിനൻസിനെ നിശിതമായി വിമർശിച്ചു. ഓർഡിനൻസിനു പകരമായുള്ള ബിൽ രാജ്യസഭയിൽ പരാജയപ്പെടുത്താൻ എഎപി മറ്റ്‌ പ്രതിപക്ഷ പാർടികളുടെ സഹായം തേടി. ഇതിനായി വിവിധ പ്രതിപക്ഷ പാർടി നേതാക്കളെ കെജ്‌രിവാൾ വരുംദിവസങ്ങളിൽ നേരിൽ കാണും. ജൂൺ 11ന്‌ ഡൽഹി രാംലീല മൈതാനത്ത്‌ എഎപി മഹാറാലി  പ്രഖ്യാപിച്ചിട്ടുണ്ട്‌.രാജ്യസഭയിൽ മോദി സർക്കാരിന്‌ ഭൂരിപക്ഷത്തിന്‌ എട്ട്‌ അംഗങ്ങളുടെ കുറവുണ്ട്‌. ബിജെഡി, വൈഎസ്‌ആർസിപി കക്ഷികൾ സർക്കാരിനൊപ്പം നിൽക്കുമെന്നാണ്‌ ബിജെപി പ്രതീക്ഷ. ബിജെഡിക്കും വൈഎസ്‌ആർസിപിക്കും ഒമ്പത്‌ അംഗങ്ങൾവീതമാണ്‌ രാജ്യസഭയിലുള്ളത്‌. Read on deshabhimani.com

Related News