ഇന്റലിജൻസ്‌ റിപ്പോർട്ടുകൾ 
കൊളീജിയം പുറത്തുവിടുന്നത്‌ 
ആശങ്കാജനകമെന്ന് നിയമമന്ത്രി

image credit kiren rijiju twitter


ന്യൂഡൽഹി ജഡ്‌ജിമാരാകാൻ ശുപാർശ ചെയ്യപ്പെടുന്നവരെക്കുറിച്ചുള്ള റോ, ഇന്റലിജൻസ്‌ റിപ്പോർട്ടുകൾ കൊളീജിയം പുറത്തുവിടുന്നത്‌ ആശങ്കാജനകമെന്ന്‌ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഏറെ ഗൗരവമുള്ള വിഷയമാണ് ഇതെന്നും ഇതേക്കുറിച്ച്‌ അടുത്തുതന്നെ കൂടുതൽ പ്രതികരണം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും റിജിജു പറഞ്ഞു. ഇ–-കോർട്ട്‌സ്‌ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചവരെ ആദരിക്കുന്ന ചടങ്ങിലാണ് പരാമർശം. അടുത്തിടെ കൊളീജിയം സുപ്രീംകോടതി ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തുവിട്ട പ്രമേയങ്ങളിൽ ചില ജഡ്‌ജിമാരെക്കുറിച്ചുള്ള റോ, ഇന്റലിജൻസ്‌ റിപ്പോർട്ടുകളിലെ പരാമർശങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതാണ്‌ നിയമമന്ത്രിയെ ചൊടിപ്പിച്ചത്‌. കൊളീജിയം നടത്തുന്ന ചില ശുപാർശകൾ എതിർക്കാൻ റോ, ഇന്റലിജൻസ്‌ റിപ്പോർട്ടുകളിലെ പരാമർശങ്ങളാണ്‌ കേന്ദ്ര സർക്കാർ കാരണമായി കാണിക്കാറുള്ളത്‌. ജഡ്‌ജിനിയമന വിഷയത്തിൽ കേന്ദ്ര സർക്കാരും സുപ്രീംകോടതിയും തമ്മിൽ വലിയ വടംവലി നടക്കുന്ന അവസരത്തിലാണ്‌ നിയമമന്ത്രി കൊളീജിയത്തിന്‌ എതിരെ വീണ്ടും രംഗത്ത്‌ എത്തിയത്‌. Read on deshabhimani.com

Related News