കൊളീജിയത്തോട്‌ കളിക്കരുത്‌ ; കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതിയുടെ താക്കീത്‌



ന്യൂഡൽഹി ജഡ്‌ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനം രാജ്യത്തിന്റെ നിയമമാണെന്നും പൂർണമായി അനുസരിക്കാൻ കേന്ദ്രസർക്കാരിന്‌ ബാധ്യതയുണ്ടെന്നും സുപ്രീംകോടതിയുടെ താക്കീത്‌. ജഡ്‌ജി നിയമനം സംബന്ധിച്ച ഉത്തരവ്‌ കേന്ദ്രസർക്കാർ നടപ്പാക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാണിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലാണ്‌ സുപ്രീംകോടതി കേന്ദ്രസർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചത്‌. കൊളീജിയത്തിന്‌ എതിരായ ഉപരാഷ്ട്രപതിയുടെയും കേന്ദ്രനിയമമന്ത്രിയുടെയും വിമർശങ്ങൾ ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പും നൽകി. അവരോട്‌ സ്വയം നിയന്ത്രിക്കണമെന്ന സന്ദേശം കൈമാറണമെന്ന്‌ അറ്റോണിജനറൽ ആർ വെങ്കടരമണിയോട്‌ കോടതി നിർദേശിച്ചു. പരമോന്നത കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ കൊളീജിയം സംവിധാനം രൂപീകരിച്ചത്‌. അത്‌ രാജ്യത്തിന്റെ നിയമമാണ്‌. ചിലരുടെ വിയോജിപ്പോ വിമർശമോ കൊണ്ടോ കൊളീജിയം ഇല്ലാതാകില്ല. ഏത്‌ നിയമം അനുസരിക്കണം ഏത്‌ അനുസരിക്കേണ്ടതില്ലെന്ന്‌ വ്യക്തികൾ തീരുമാനിക്കാൻ തുടങ്ങിയാൽ രാജ്യം അരാജകത്വത്തിലേക്ക്‌ കൂപ്പുകുത്തും–- ജസ്‌റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു. ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ്‌ സിങ്ങാണ്‌ ഉപരാഷ്ട്രപതിയും നിയമമന്ത്രിയും നടത്തിയ വിമർശങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്‌. ജഡ്‌ജിമാരെ നിയമിക്കാനുള്ള മെമ്മോറാണ്ടം ഓഫ്‌ പ്രൊസീജ്യർ (എംഒപി) പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. എംഒപിക്ക്‌ എതിരെ മുൻ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌, മുൻ ജഡ്‌ജി ജെ ചെലമേശ്വർ എന്നിവർ നടത്തിയ വിമർശങ്ങളുടെ അടിസ്ഥാനത്തിൽ അത്‌ പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം. ജഡ്‌ജി നിയമനത്തിനായി കൊളീജിയം കൈമാറുന്ന ശുപാർശകളിൽ ചിലതെല്ലാം പെട്ടെന്ന്‌ അംഗീകരിക്കുകയും ചിലത്‌ തടഞ്ഞുവയ്‌ക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്ന വിമർശവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. എൻജെഎസി വീണ്ടും 
കൊണ്ടുവരാനുള്ള നീക്കമില്ലെന്ന്‌ കേന്ദ്രം കൊളീജിയം സംവിധാനത്തിന്‌ ബദലായി ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ (എൻജെഎസി) ഭേദഗതികളോടെ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കമില്ലെന്ന്‌ കേന്ദ്രസർക്കാർ. രാജ്യസഭയിൽ ജോൺബ്രിട്ടാസ്‌ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ്‌ കേന്ദ്രനിയമ മന്ത്രി കിരൺ റിജിജു ഈകാര്യം അറിയിച്ചത്‌. എൻജെഎസി ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി സുപ്രീംകോടതി നേരത്തേ റദ്ദാക്കിയിരുന്നു. ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ചീഫ്‌ ജസ്‌റ്റിസായതിനു പിന്നാലെ കൊളീജിയത്തിനെതിരെ കേന്ദ്രസർക്കാർ കടന്നാക്രമണം ശക്തമാക്കിയിരുന്നു. കൊളീജിയത്തെ നിയമമന്ത്രിയും ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻകറും വിമർശിച്ചത്‌ വിവാദമായിരുന്നു. Read on deshabhimani.com

Related News