സുപ്രീം കോടതിയിലേക്ക് രണ്ട് പുതിയ ജഡ്‌ജിമാർ; കൊളീജിയം ശുപാർശയിൽ മലയാളി അഭിഭാഷകൻ കെ വി വിശ്വനാഥനും

കെ വി വിശ്വനാഥൻ, ജസ്റ്റിസ് പി കെ മിശ്ര


ന്യൂഡൽഹി> ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് പി കെ മിശ്രയെയും മലയാളിയായ മുതിർന്ന് അഭിഭാഷകൻ കെ വി വിശ്വനാഥനെയും സുപ്രീം കോടതി ജഡ്ജിമാരായി കൊളിജീയം ശുപാർശ ചെയ്‌തു. സുപ്രീംകോടതിയിൽ അഭിഭാഷകലോകത്ത്‌ നിന്നുള്ള പ്രതിനിധിയെന്ന നിലയിൽ അഡ്വ. കെ വി വിശ്വനാഥനെ ജഡ്‌ജിയായി നിയമിക്കാമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ നേതൃത്വം നൽകുന്ന കൊളീജിയം ശുപാർശ ചെയ്‌തു. അദ്ദേഹത്തിന്റെ വിശാലമായ ഔദ്യോഗികപരിചയവും അഗാധമായ ജ്ഞാനസമ്പത്തും സുപ്രീംകോടതിക്ക്‌ മുതൽക്കൂട്ടാകുമെന്നും കൊളീജിയം ശുപാർശയിൽ പറയുന്നു. പാലക്കാട്‌ കൽപ്പാത്തി സ്വദേശിയായ കെ വി വിശ്വനാഥൻ കോയമ്പത്തൂർ ലോ കോളേജിൽ നിന്നും നിയമബിരുദം നേടി. 1988ൽ തമിഴ്‌നാട്‌ ബാർകൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു. പിന്നീട്‌ സുപ്രീംകോടതി അഭിഭാഷകനായി. ഭരണഘടനാവിഷയങ്ങൾ, ക്രിമിനൽ നിയമങ്ങൾ, ആർബിട്രേഷൻ നടപടികൾ തുടങ്ങിയ നിയമശാഖകളിൽ വിദഗ്‌ധനായി. മുൻ അറ്റോണിജനറൽ കെ കെ വേണുഗോപാലിന്റെ ജൂനിയറായിരുന്നു. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായി. നിരവധി പ്രധാനകേസുകളിൽ അമിക്കസ്‌ക്യൂറിയായിട്ടുണ്ട്‌. ഇഡി ഡയറക്ടർക്ക്‌ വീണ്ടും കാലാവധി നീട്ടിനൽകിയ കേന്ദ്രസർക്കാർ നടപടിയെ അമിക്കസ്‌ക്യൂറിയെന്ന നിലയിൽ രൂക്ഷമായി വിമർശിച്ചത്‌ വാർത്തയായിരുന്നു. കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ സുപ്രീംകോടതി ജഡ്‌ജിയെന്ന നിലയിൽ കെ വി വിശ്വനാഥന്‌ 2031 മെയ്‌ വരെ സേവനകാലയളവുണ്ടാകും. 2030 ആഗസ്‌തിൽ ചീഫ്‌ജസ്‌റ്റിസാകുമെന്ന്‌ കരുതപ്പെടുന്ന  ജസ്‌റ്റിസ്‌ ജെ ബി പർധിവാല വിരമിക്കുന്ന മുറയ്‌ക്ക്‌ അദ്ദേഹം സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസാകും. ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‌ ശേഷം ചീഫ്‌ജസ്‌റ്റിസ്‌ പദവിയിൽ എത്തുന്ന അടുത്ത മലയാളിയെന്ന ഖ്യാതിയും അദ്ദേഹത്തിന്‌ സ്വന്തമാകും. ചീഫ്‌ജസ്‌റ്റിസ്‌ പദവിയിൽ അദ്ദേഹത്തിന്‌ ഒമ്പത്‌ മാസം സേവനകാലയളവുണ്ടാകും.  കെ വി വിശ്വനാഥനടക്കം നാലുപേരെ സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിക്കുന്ന കാര്യം ആലോചിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  മുൻ ചീഫ്‌ജസ്‌റ്റിസ്‌ യു യു ലളിത്‌ കഴിഞ്ഞവർഷം ഒക്ടോബറിൽ കൊളീജിയം അംഗങ്ങളായ ജഡ്‌ജിമാർക്ക്‌ കത്ത്‌ നൽകിയിരുന്നു. എന്നാൽ, ജഡ്‌ജിമാരായി നിയമിക്കേണ്ട പേരുകൾ കത്തിലൂടെ കൈമാറിയ നടപടിയോട്‌ കൊളീജിയത്തിലെ രണ്ടംഗങ്ങൾ വിയോജിപ്പ്‌ അറിയിച്ചു. ഇതേതുടർന്ന്‌, കെ വി വിശ്വനാഥന്റെ നിയമനശുപാർശ സംബന്ധിച്ച്‌ തുടർചർച്ചകൾ ഒന്നുമുണ്ടായില്ല. എന്നാൽ, ജസ്‌റ്റിസുമാരായ ദിനേശ്‌മഹേശ്വരി, എം ആർ ഷാ എന്നിവർ വിരമിച്ച സാഹചര്യത്തിൽ അഭിഭാഷകലോകത്ത്‌ നിന്നും പരമോന്നതകോടതിയിലേക്കുള്ള പ്രതിനിധിയായി അഡ്വ. വിശ്വനാഥനെ കൊളീജിയം തെരഞ്ഞെടുക്കുകയായിരുന്നു. കെ വി വിശ്വനാഥന്‌ പുറമേ ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ്‌ പ്രശാന്ത്‌കുമാർ മിശ്രയെയും സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കാമെന്ന്‌ കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്‌. Read on deshabhimani.com

Related News