കൽക്കരി പ്രതിസന്ധി: കേരളത്തോട്‌ വൈദ്യുതി ആവശ്യപ്പെട്ട്‌ കേന്ദ്രം



തിരുവനന്തപുരം > കൽക്കരി ക്ഷാമത്തെ തുടർന്ന്‌ രാജ്യത്തുണ്ടായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തിന്റെ സഹായം തേടി കേന്ദ്രസർക്കാർ. ജലവൈദ്യുത നിലയങ്ങളിൽനിന്നുള്ള ഉൽപ്പാദനം കൂട്ടി കേന്ദ്ര പൂളിലേക്ക്‌ നൽകണമെന്ന്‌ അഭ്യർഥിച്ച്‌ കേന്ദ്ര ഊർജ മന്ത്രാലയം സംസ്ഥാനത്തിന്‌ കത്തയച്ചു. ഇതിനായി നിലയങ്ങളിലെ അറ്റകുറ്റപ്പണികൾപോലും ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. വൈദ്യുതി ഉപയോഗം കുറവായ രാവിലെ എട്ടുമുതൽ വൈകിട്ട്‌ ആറുവരെ ഇടുക്കി ഉൾപ്പെടെയുള്ള നിലയങ്ങളിലെ ഉൽപ്പാദനം പരമാവധി കൂട്ടി കേന്ദ്രത്തിന്‌ നൽകണം. 31വരെയാണ്  നൽകേണ്ടത്. മാസാവസാനംവരെ പ്രതിസന്ധിയിൽനിന്ന്‌ കരകയറില്ലെന്ന്‌ കേന്ദ്രം സമ്മതിക്കുന്നു. സംസ്ഥാനത്ത്‌ ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതിയാണ്‌ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്‌. ശേഷിക്കുന്നത്‌ പുറത്തുനിന്നാണ്‌. ഇത്തരമൊരു സംസ്ഥാനത്തുനിന്നുപോലും വൈദ്യുതി ആവശ്യപ്പെടുന്നത്‌ രാജ്യം അഭിമുഖീകരിക്കുന്ന ഊർജ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കേന്ദ്ര ഊർജ സെക്രട്ടറിയാണ്‌ സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചത്‌. കേരളം ശനിയാഴ്ച മറുപടി നൽകിയേക്കും. നിലവിലെ ജലലഭ്യതയ്‌ക്കനുസൃതമായി  സംസ്ഥാനത്തിന്‌ അധികമായി ഉൽപ്പാദിപ്പിക്കാനാകുന്ന വൈദ്യുതി, ഇതിന്‌ ലഭിക്കുന്ന വില, വേനൽക്കാലത്തെ ഉൽപ്പാദനത്തിനായി കരുതേണ്ട ജലത്തിന്റെ അളവ്‌ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും മറുപടി.  സംസ്ഥാനത്ത്‌ വെള്ളിയാഴ്ച വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായി. അവധിയായതിനാലും മഴയെ തുടർന്നുമാണിത്‌. പവർ എക്‌ചേഞ്ചിൽനിന്ന്‌ വാങ്ങേണ്ടി വന്നില്ല. എന്നാൽ, കൽക്കരി പ്രതിസന്ധിയെ തുടർന്ന്‌ കേന്ദ്രനിലയത്തിൽ നിന്നടക്കം ലഭ്യമാകേണ്ടതിൽ 300 മെഗാവാട്ടിനടുത്ത്‌ കുറവ്‌ തുടരുകയാണ്‌. ഇത്‌ പരിഹരിക്കാൻ ഇപ്പോൾത്തന്നെ ഇടുക്കി, ശബരിഗിരിയിലടക്കം ഉൽപ്പാദനം ഉയർത്തിയിട്ടുണ്ട്‌. Read on deshabhimani.com

Related News