ചിന്തൻ ശിബിരത്തിലെ പരിഷ്കാരം: "ദൗത്യസംഘം എത്തിച്ചേരാന്‍ വൈകും'



ന്യൂഡൽഹി> ഉദയ്‌പുർ ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ച സംഘടനാ പരിഷ്‌കാരങ്ങൾ നടപ്പാക്കേണ്ട കോൺഗ്രസിന്റെ ദൗത്യസംഘ രൂപീകരണവും നീളുന്നു. രണ്ടുമൂന്ന്‌ ദിവസത്തിനുള്ളിൽ ദൗത്യസംഘം രൂപികരിക്കുമെന്നാണ് സമാപന പ്രസംഗത്തിൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധി പ്രഖ്യാപിച്ചത്‌. ആറു ദിവസം പിന്നിട്ടിട്ടും ദൗത്യസംഘം രൂപീകരിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പുകളിൽ 50 ശതമാനം ക്വോട്ട എന്നത്‌ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമുതലാകും നടപ്പാക്കുകയെന്നാണ്‌ കോൺഗ്രസ്‌ വൃത്തങ്ങൾ നൽകുന്ന സൂചന. വിവിധ സമിതികളിൽ 50 ശതമാനം പ്രായപരിധി ക്വോട്ടയാകും ആദ്യം നടപ്പാക്കുക. ഇതിൽത്തന്നെ പ്രവർത്തകസമിതിയിലും പിസിസികളിലും ക്വോട്ടാ സമ്പ്രദായം വൈകും. ഡിസിസികളിലും താഴോട്ടുള്ള സമിതികളിലുമാകും പ്രായപരിധി ക്വോട്ട ആദ്യം നടപ്പാക്കാൻ ശ്രമിക്കുക. പ്രായപരിധി നിബന്ധന വേഗത്തിൽ അടിച്ചേൽപ്പിക്കുന്നത്‌ നേതാക്കളുടെ കൊഴിഞ്ഞുപോക്കിന്‌ ആക്കംകൂട്ടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്‌. 65 വയസ്സ്‌ പിന്നിട്ടവരെ തെരഞ്ഞെടുപ്പുകളിൽനിന്ന്‌ ഒഴിവാക്കണമെന്ന നിർദേശം എതിർപ്പിൽ മുടങ്ങി. 70 വയസ്സ്‌ കഴിഞ്ഞവരെ ഒഴിവാക്കാനുള്ള നീക്കം രാഹുൽ ബ്രിഗേഡ്‌ തുടരുന്നു.    പത്ത്‌ സംസ്ഥാനത്തെ 57 രാജ്യസഭാ സീറ്റിലേക്ക്‌ ജൂൺ 10ന്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഛത്തിസ്‌ഗഢ്‌, രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്‌, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‌ സ്ഥാനാർഥികളെ ജയിപ്പിക്കാം.  ഗുലാംനബി ആസാദ്‌, ആനന്ദ്‌ ശർമ, കുമാരി ഷെൽജ, പി എൽ പുനിയ തുടങ്ങി പല മുതിർന്നനേതാക്കളും സീറ്റ്‌ മോഹിച്ച്‌ രംഗത്തുണ്ട്‌. Read on deshabhimani.com

Related News