ചൈന പാലങ്ങൾ നിർമിച്ചത്‌ കൈയേറിയ സ്ഥലത്തെന്ന് കേന്ദ്രം



ന്യൂഡൽഹി> കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിൽ അറുപതുകൾമുതൽ ചൈന കൈയേറിയിരിക്കുന്ന സ്ഥലത്ത് അവർ രണ്ടു പാലം നിർമിച്ചെന്ന്‌ വിദേശമന്ത്രാലയം അറിയിച്ചു. ഇത്തരം നിർമാണങ്ങൾ നടത്താനുള്ള ചൈനയുടെ ന്യായീകരണമില്ലാത്ത അവകാശവാദം ഇന്ത്യ അംഗീകരിച്ചിട്ടില്ല. സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്‌. രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്‌ വിദേശമന്ത്രാലയം വക്താവ്‌ അരിന്ദം ബാഗ്‌ചി പറഞ്ഞു.ഇക്കൊല്ലമാണ്‌ ചൈന രണ്ടു പാലവും നിർമിച്ചതെന്ന്‌ പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്‌ കഴിഞ്ഞദിവസം വിദേശമന്ത്രാലയം വക്താവ്‌ കൃത്യമായ മറുപടി നൽകിയില്ല. പ്രതിരോധമന്ത്രാലയത്തിനാണ്‌ വ്യക്തമായി പ്രതികരിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരു ദിവസത്തിനുശേഷം പാലങ്ങളുടെ നിർമാണം വിദേശമന്ത്രാലയം സ്ഥിരീകരിച്ചു. ടാങ്കുകൾക്കും കവചിതവാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയുന്ന പാലങ്ങളാണ്‌ പാംഗോങ്‌ തടാകത്തിനു കുറുകെ ചൈന നിർമിച്ചിട്ടുള്ളതെന്ന്‌ റിപ്പോർട്ടുകളിൽ പറയുന്നു. 2020 ജൂണിൽ പാംഗോങ്‌ തടാകതീരത്ത്‌ ഇരുരാജ്യത്തിന്റെയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനുശേഷം സൈനിക കമാൻഡർതലത്തിൽ ചർച്ച നടന്നുവരവെയാണ്‌ ഈ സംഭവവികാസം. Read on deshabhimani.com

Related News