പിടിവിടുന്നു‌ ചെന്നൈ ; സമൂഹ വ്യാപനത്തിലേക്ക്‌ ? രോഗം തീവ്രമായവർക്ക്‌ മാത്രം ചികിത്സ



ചെന്നൈ രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനയായി നാലു‌ ദിവസങ്ങളിൽ രണ്ടായിരത്തിലധികം പേർക്കാണ്‌ തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ ഭൂരിപക്ഷവും ചെന്നൈ നഗരത്തിലാണ്‌.  ചേരികളിലേക്കും രോഗം പടരുന്നത്‌ ആശങ്ക സൃഷ്ടിക്കുന്നു‌.കണ്ണകിനഗർ ചേരിയിൽ 23 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇവിടെ സമൂഹവ്യാപനം നടന്നുവെന്ന ഭയത്തിലാണ്‌ അധികൃതർ. ചെറിയ പ്രദേശത്ത്‌‌ 30,000 വീടാണുള്ളത്‌. 150–-200 ചതുരശ്ര അടിമാത്രമാണ് വീടുകളുടെ‌ വലുപ്പം. സാമൂഹ്യ അകലം അടക്കമുള്ളവ ഇവിടെ നടപ്പാകില്ല. പുളിയംതോപ്പ്‌ മേഖലയിൽനിന്ന്‌ സൗകാർപേട്ടിലേക്കും രോഗം പടർന്നു‌. കൂടുതൽപേർക്ക്‌ രോഗം ബാധിച്ചാൽ സ്ഥിതി വഷളാകുമെന്ന്‌ അധികൃതർ പറഞ്ഞു‌. രാജ്യത്തെ കോവിഡ്‌ ബാധതിരുടെ എണ്ണത്തിൽ മൂന്നാമതാണ്‌ തമിഴ്‌നാട്‌. എന്നാൽ, രോഗപ്രതിരോധത്തിന്‌ മുൻഗണന നൽകാതെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്‌ സർക്കാർ‌. നഗരത്തിൽ ഭൂരിപക്ഷം സ്ഥാപനങ്ങളും തുറന്നതോടെ ജനത്തിരക്ക്‌ വർധിച്ചു.  കടലൂരിൽ രോഗം സ്ഥിരീകരിച്ചയാൾക്ക്‌ വൈറസ്‌ ബാധയേറ്റത്‌ 170 കിലോമീറ്റർ അകലെയുള്ള കോയമ്പേട്‌ ചന്തയിൽനിന്നാണ്‌. ചെന്നൈയിലെ കോവിഡ്‌ കേന്ദ്രമായ കോയമ്പേട്‌ ചന്തയിൽനിന്നാണ്‌ കേരളമടക്കമുള്ള ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും പച്ചക്കറി കൊണ്ടുപോകുന്നത്‌.  രോഗം തീവ്രമായവർക്ക്‌ മാത്രം ചികിത്സ രോഗികൾ വർധിച്ചതോടെ കോവിഡ്‌ ആശുപത്രികൾ നിറഞ്ഞു. നാല് ആശുപത്രിയിലായി 1700 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. രോഗികളുടെ എണ്ണം ഇരട്ടിയിലധികമാണ്‌. കിടക്ക ലഭിക്കാത്ത രോഗികൾ ആശുപത്രി പരിസരത്ത് ഇറങ്ങിനടക്കുന്നതിനാൽ തീവ്രമല്ലാത്തവരെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്‌. കാര്യമായ രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിക്കുന്നവരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാക്കുകയാണ്‌. എന്നിട്ടും, പുതിയ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് ചെന്നൈയിൽ. Read on deshabhimani.com

Related News