ചബഹാർ റെയിൽ പദ്ധതി : ഇന്ത്യയെ ഒഴിവാക്കി ഇറാൻ; പദ്ധതിയുമായി ഇറാന്‍ ഒറ്റയ്ക്ക്



ന്യൂഡൽഹി രാജ്യത്തിന് ഏറെ തന്ത്രപ്രധാനമായ ചബഹാർ–- സഹെദാൻ റെയിൽ പദ്ധതിയിൽ  ഇറാൻ ഇന്ത്യയെ ഒഴിവാക്കി. പാകിസ്ഥാനെ ഒഴിവാക്കി അഫ്‌ഗാനിൽനിന്ന്‌‌ ബദൽ വ്യാപാരമാർഗം തുറക്കുന്ന റെയിൽ പദ്ധതി നിർമാണവുമായി സഹകരിക്കാന്‍ അമേരിക്കൻ ഉപരോധം ഭയന്ന്‌ ഇന്ത്യ മടിച്ചതോടെയാണ് നടപടി. പദ്ധതിയുമായി ഇറാന്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകും.  ചൈനയുമായി 25 വർഷകാലത്തേക്ക്‌ 30 ലക്ഷം കോടി രൂപയുടെ തന്ത്രപരപങ്കാളിത്ത കരാർ ഉറപ്പിച്ചതിനു പിന്നാലെയാണ്‌ റെയിൽ പദ്ധതിയിൽനിന്ന്‌ ഇറാൻ ഇന്ത്യയെ ഒഴിവാക്കിയത്.   പ്രധാനമന്ത്രി നരേന്ദ്ര മോഡി 2016 മേയില്‍ ഇറാൻ സന്ദർശിച്ചപ്പോഴാണ്‌ ധാരണാപത്രം ഒപ്പുവച്ചത്‌. ചബഹാർ തുറമുഖത്തുനിന്ന്‌ അഫ്‌ഗാന്‌ അടുത്തുള്ള സഹെദാൻവരെ 628 കിലോ മീറ്റർ റെയിൽപാളം നിർമിക്കാനായിരുന്നു പദ്ധതി. ഇറാൻ അതിർത്തിക്കപ്പുറം അഫ്‌ഗാനിലെ സരാഞ്ചുവരെ പാത നീട്ടാനും ലക്ഷ്യമിട്ടു. 2022 മാർച്ചില്‍ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. ഇന്ത്യ, ഇറാന്‍, അഫ്‌ഗാന്‍  ത്രികക്ഷി കരാറിന്റെ ഭാഗമായിരുന്നു പദ്ധതി. ഇർക്കോൺ എൻജിനിയർമാർ പലവട്ടം പദ്ധതിപ്രദേശം സന്ദർശിച്ചെങ്കിലും യുഎസ്‌ ഉപരോധം ഭയന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിഞ്ഞു. ഇറാനിലെ ചബഹാർ തുറമുഖത്തിനും റെയിൽ പദ്ധതിക്കും ഉപരോധ ഇളവുകളുണ്ടായിരുന്നു. എങ്കിലും ഉപകരണ വിതരണക്കാരെയും പങ്കാളികളെയും മറ്റും കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിട്ടു. ഫണ്ട്‌ നൽകുന്നതിലും കാലതാമസമുണ്ടായി. യുഎസ്‌ താൽപ്പര്യങ്ങൾക്കാണ്‌ ഇന്ത്യ മുൻഗണന നൽകുന്നതെന്ന്‌ മനസ്സിലായതോടെയാണ്‌ ഇറാൻ സ്വന്തം നിലയ്‌ക്ക്‌ റെയിൽനിർമാണം ആരംഭിച്ചത്‌. ചബഹാർ തുറമുഖം ഇറാൻ ചൈനയ്‌ക്ക്‌ പാട്ടത്തിന്‌ നൽകിയെന്ന റിപ്പോർട്ടുകൾ ഇറാൻ തള്ളി. തുറമുഖത്തിലെ ഒരു ടെർമിനലിന്റെ നടത്തിപ്പ്‌ ചുമതല കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ ഏറ്റെടുത്തിരുന്നു.  ചബഹാറിനോട്‌  ചേർന്ന്‌ പാകിസ്ഥാനിലുള്ള ഗ്വദർ തുറമുഖവുമായി ഇറാന്‍ സഹകരിക്കുന്നുണ്ട്. ചൈന നടത്തുന്ന തുറമുഖമാണിത്‌. ചബഹാറിലെ തീരുവരഹിത മേഖലയിലും ചൈനീസ്‌ നിക്ഷേപമുണ്ടാകും. ചബഹാറിൽനിന്ന്‌ 350 കിലോ മീറ്റർ മാറി ഇറാനിലെ ബന്ദറെ ജസ്‌ക്‌ തുറമുഖത്തിലും ചൈനയുടെ സഹകരണമുണ്ടാകും. Read on deshabhimani.com

Related News