കേന്ദ്ര സെസുകൾക്കെതിരെ സംസ്ഥാനങ്ങള്‍; നയിച്ച്‌ കേരളം



ന്യൂഡൽഹി > സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്തവിധം സെസുകളും സർചാർജുകളുമായി കോടിക്കണക്കിനു രൂപ കേന്ദ്രം സമാഹരിക്കുന്നതിനെതിരെ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കൂട്ടായ പ്രതിഷേധമുയര്‍ന്നു. സെസുകളും സർചാർജുകളും 2011ൽ ആകെ നികുതിവരുമാനത്തിന്റെ 10 ശതമാനം മാത്രമായിരുന്നത്‌ നിലവിൽ 20 ശതമാനമാണ്‌. സംസ്ഥാനങ്ങൾക്ക്‌ നൽകേണ്ട നികുതിവിഹിതത്തിൽ ഇത്‌ ഗണ്യമായ ഇടിവ്‌ സൃഷ്ടിച്ചിട്ടുണ്ടെന്ന്‌ ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ബിജെപി ഭരണ സംസ്ഥാനങ്ങളിലെയടക്കം ധനമന്ത്രിമാർ ചൂണ്ടിക്കാട്ടി. സർചാർജുകളും സെസുകളും മറ്റും ഒഴിവാക്കണമെന്ന ആവശ്യം ധനമന്ത്രി കെ എൻ ബാലഗോപാലാണ് ആദ്യമുന്നയിച്ചത്. പിന്നീട്‌ മറ്റു സംസ്ഥാനങ്ങളും വിഷയം ഏറ്റെടുത്തു. കേന്ദ്രം സർചാർജുകളും മറ്റും ഘട്ടംഘട്ടമായി ഇല്ലാതാക്കുകയോ അതല്ലെങ്കിൽ സംസ്ഥാനങ്ങൾക്കുകൂടി പങ്കുവയ്‌ക്കുകയോ വോണമെന്ന് ബാലഗോപാൽ ആവശ്യപ്പെട്ടു. ധനകമീഷൻ ശുപാർശപ്രകാരം ആകെ നികുതിവരുമാനത്തിന്റെ 41 ശതമാനമാണ്‌ സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കുവയ്‌ക്കേണ്ടത്‌. എന്നാൽ, സെസുകളിലൂടെയും സർചാർജുകളിലൂടെയും കേന്ദ്രം സമാഹരിക്കുന്ന തുകയടക്കം ചേർത്താൽ യഥാർഥത്തിൽ ആകെ നികുതിവരുമാനത്തിന്റെ 30 ശതമാനം മാത്രമാണ്‌ നിലവിൽ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നത്‌. കോവിഡ്‌ സൃഷ്ടിച്ച തിരിച്ചടി പരിഗണിച്ച്‌ കടമെടുപ്പ്‌ പരിധി അടുത്ത രണ്ടു വർഷത്തേക്കുകൂടി ജിഎസ്‌ഡിപിയുടെ നാലു ശതമാനമായി നിശ്ചയിക്കണം. 2020–-21ൽ അഞ്ചു ശതമാനംവരെ അനുവദിച്ചിരുന്നു. പിന്നീടിത്‌ നാലു ശതമാനത്തിലേക്കും മൂന്നര ശതമാനത്തിലേക്കും ചുരുക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തികപ്രശ്‌നം പരിശോധിക്കാനും ഓവർഡ്രാഫ്‌റ്റ്‌ പരിധിയും മറ്റും പരിഷ്‌കരിക്കാനും വിദഗ്‌ധ സമിതി രൂപീകരിക്കണം.   കിഫ്‌ബിക്കും കെഎസ്‌എസ്‌പിഎല്ലിനും മറ്റും നൽകുന്ന സർക്കാർ ഗ്യാരന്റികൾ അടുത്തിടെയായി വിപണിയിൽനിന്നുള്ള കടമെടുപ്പിനു തുല്യമായാണ്‌ പരിഗണിക്കുന്നത്‌. ഇതുമൂലം 2021–-22ൽ 14,312 കോടി രൂപ കടമെടുപ്പു പരിധിയിൽനിന്ന്‌ വെട്ടിക്കുറച്ചിട്ടുണ്ട്‌. ഇത് സംസ്ഥാനസാമ്പത്തികസ്ഥിതിയെ ബാധിക്കും. കിഫ്‌ബി ഗ്യാരന്റിയും മറ്റും കടമെടുപ്പിനു തുല്യമായി പരിഗണിക്കുന്നതിൽനിന്ന്‌ കേന്ദ്രം പിൻവാങ്ങണമെന്നും- ബാലഗോപാൽ ആവശ്യപ്പെട്ടു. സിൽവർ ലൈനിന്‌ അനുമതി നൽകണം സിൽവർ ലൈൻ പദ്ധതിക്ക്‌ എത്രയുംവേഗം അനുമതി നൽകണമെന്ന്‌ ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി വിളിച്ച യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. കേരളത്തിന്‌ വന്ദേഭാരത്‌ ട്രെയിൻ അനുവദിക്കണം. കൊച്ചി മെട്രോ, നേമം ടെർമിനൽ പദ്ധതി, തലശേരി–- മൈസൂർ ബ്രോഡ്‌ഗേജ്‌ പദ്ധതി എന്നിവയ്‌ക്ക്‌ സഹായം അനുവദിക്കണം. കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കുകൂടി സർവീസിന്‌ അനുമതി നൽകണം. ദീർഘകാല ആവശ്യമായ എയിംസ്‌, കണ്ണൂരിൽ ആയുർവേദ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ എന്നിവ അനുവദിക്കണം. മലബാർ ക്യാൻസർ സെന്ററിനെ രാഷ്ട്രീയ ആരോഗ്യനിധി പദ്ധതിയിൽ ഉൾപ്പെടുത്തണം. പ്രവാസികള്‍ക്ക് സാമ്പത്തിക പുനരുജ്ജീവന പാക്കേജ്‌ പ്രഖ്യാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു. Read on deshabhimani.com

Related News