മതപരിവർത്തനം: ദളിതരുടെ സാമൂഹികപദവി പഠിക്കാൻ ദേശീയ കമീഷൻ



ന്യൂഡൽഹി> ക്രൈസ്‌തവ, മുസ്ലിം മതങ്ങളിലേക്ക്‌ പരിവർത്തനം ചെയ്‌ത പട്ടികജാതി വിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥയെക്കുറിച്ച്‌ പഠിക്കാൻ ദേശീയ കമീഷൻ രൂപീകരിക്കാൻ കേന്ദ്രം. ന്യൂനപക്ഷക്ഷേമ, പേഴ്‌സണൽ മന്ത്രാലയങ്ങൾ ഇതിന്‌ പച്ചക്കൊടി കാട്ടി. ആഭ്യന്തര, നിയമ, സാമൂഹികനീതി, ധനമന്ത്രാലയങ്ങൾ ഉടൻ അനുമതി നൽകും. ക്രൈസ്‌തവ, മുസ്ലിം മതങ്ങളിലേക്ക്‌ മാറിയ പട്ടികജാതിക്കാർക്ക്‌ സംവരണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി പരിഗണനയിലിരിക്കെയാണ്‌ കേന്ദ്രനീക്കം. വിഷയത്തിൽ നിലപാടറിയിക്കാൻ ആഗസ്‌ത്‌ 30ന്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌ കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻബെഞ്ച്‌ കേന്ദ്രത്തിന് മൂന്നാഴ്‌ച അനുവദിച്ചു. ഒക്ടോബർ 11ന്‌ കേസ്‌ വീണ്ടും പരിഗണിക്കും. ഭരണഘടനയുടെ 341–-ാം വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവുപ്രകാരം, നിലവിൽ ഹിന്ദു, സിഖ്‌, ബുദ്ധമത വിശ്വാസികളായ പട്ടികജാതിക്കാർക്കാണ്‌ സംവരണ ആനുകൂല്യം ലഭിക്കുന്നത്‌. ഹിന്ദുക്കളായ പട്ടികജാതിക്കാർക്ക്‌ മാത്രമായിരുന്ന സംവരണത്തിൽ 1956ൽ സിഖുകാരെയും 1990ൽ ബുദ്ധമതക്കാരെയും ഉൾപ്പെടുത്തി. ഏതു മതത്തിൽപ്പെട്ടാലും പട്ടികവർഗക്കാർക്ക്‌ കേന്ദ്ര സർവീസിൽ 7.5 ശതമാനവും ഒബിസി വിഭാഗങ്ങൾക്ക്‌ 27 ശതമാനം സംവരണവും ലഭിക്കും. പട്ടികജാതിക്കാരുടെയും സംവരണം മതപരമായ നിബന്ധനയിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ 2007ൽ രംഗനാഥ മിശ്ര കമീഷൻ ശുപാർശ ചെയ്‌തെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. Read on deshabhimani.com

Related News