സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്‌ജിമാർ; കേന്ദ്രം നിയമന വിജ്ഞാപനം പുറത്തിറക്കി



ന്യൂഡൽഹി> സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്‌ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. അഞ്ച് പുതിയ ജഡ്‌ജിമാരെ രാഷ്‌ട്രപതി ദ്രൗപതി മുർമ്മു നിയമിച്ചു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്‌ന ഹൈക്കോടതി ജഡ്‌ജി അഹ്‌സനുദ്ദീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്‌ജി മനോജ് മിശ്ര എന്നിവരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ചത്. അഞ്ചുപേരെ സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്താൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബർ 13നു നിയമ മന്ത്രാലയത്തോട് ശിപാർശ ചെയ്തിരുന്നു. എന്നാൽ, രണ്ടുമാസത്തോളമായിട്ടും സർക്കാർ തീരുമാനമെടുത്തിരുന്നില്ല. കൊളീജിയം കൈമാറിയ ശുപാർശകൾ കേന്ദ്ര സർക്കാർ ഉടൻ അംഗീകരിക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമനങ്ങൾക്ക് അനുമതി ലഭിച്ചത്. Read on deshabhimani.com

Related News