ബിഎസ്എഫിന് കൂടുതല്‍ അധികാരം; എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍



ന്യൂഡല്‍ഹി > അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ അസം, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയത്. ഈ സംസ്ഥാനങ്ങളില്‍ രാജ്യാന്തര അതിര്‍ത്തിയില്‍നിന്നും 50 കിലോമീറ്റര്‍ അകത്തേക്ക് പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും ഇനി ബിഎസ്എഫിന് അധികാരമുണ്ടാകും. അതേസമയം ഗുജറാത്തില്‍ 80 കിലോമീറ്റര്‍ ആയിരുന്ന ദൂരപരിധി 50 കിലോമീറ്റര്‍ ആയി ചുരുക്കി. മേഘാലയ, നാഗാലാന്‍ഡ്, മിസോറം, ത്രിപുര, മണിപ്പുര്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ദൂരപരിധി നിശ്ചയിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ എതിര്‍പ്പറിയിച്ച് പഞ്ചാബ്, ബംഗാള്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി.  അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഇരു സംസ്ഥാനങ്ങളും ആരോപിച്ചു. തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. ഫെഡറലിസത്തിനെതിരായ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്ന് ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ഫര്‍ഹാദ് ഹക്കിം പറഞ്ഞു. മുന്‍പ് രാജ്യാന്തര അതിര്‍ത്തിയില്‍നിന്നും 15 കിലോമീറ്റര്‍ വരെയായിരുന്നു ബിഎസ്എഫിന് പരിശോധന നടത്താന്‍ അധികാരമുണ്ടായിരുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പുതിയ വിജ്ഞാപനത്തോടെ ബിഎസ്എഫിന് ലോക്കല്‍ പൊലീസിന്റെ അറിവോ സഹായമോ ഇല്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും കഴിയും.  Read on deshabhimani.com

Related News