പരിപാലനത്തിന്‌ സർക്കാർ ഫണ്ടില്ല; ഗുജറാത്തിൽ പശുക്കളെ റോഡിലേക്ക്‌ തുറന്നുവിട്ട്‌ സമരം



അഹമ്മദാബാദ്‌> ഗുജറാത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി പശുക്കളെ റോഡിലേക്ക്‌ തുറന്നുവിട്ടു. സർക്കാർ ഫണ്ട്‌ നൽകാത്തതിൽ പ്രതിഷേധിച്ചാണ്‌ പരിപാലനകേന്ദ്രങ്ങൾ പശുക്കളെ റോഡിലേക്ക്‌ തുറന്നുവിട്ടത്‌. ബജറ്റിൽ പശു പരിപാലനകേന്ദ്രങ്ങൾക്കും ചാരിറ്റബിൾ ട്രസ്റ്റുകൾക്കുംവേണ്ടി 500 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഇത്‌ ഇതുവരെ വിതരണം ചെയ്‌തിട്ടില്ലെന്ന്‌ സമരക്കാർ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ ബഹിഷ്‌‌കരിക്കാനും സമരക്കാർ തീരുമാനിച്ചു. ഗുജറാത്ത്‌ ഗോസേവാ സംഘത്തിന്റെ നേതൃത്വത്തിലാണ്‌ സമരം. പശുക്കളെ തുറന്നുവിട്ടതോടെ ഇവ തെരുവിലും സർക്കാർ ഓഫീസുകളിലും അലയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബനാസ്‌കന്തയിലെയും പട്ടാനിലും ജനങ്ങൾക്ക്‌ ഉപദ്രവമാകുന്ന രീതിയിലാണ്‌ പശുക്കൾ അലയുന്നത്‌. ഗുജറാത്തിൽ 1500 പശുപരിപാലന കേന്ദ്രത്തിൽ നാലര ലക്ഷത്തോളം പശുക്കളാണ്‌ ഉള്ളത്‌. ബനാസ്‌കന്തയിൽമാത്രം 170 കേന്ദ്രത്തിലായി 80,000 പശുക്കളുണ്ട്‌. ഇവയെല്ലാം രോഗം ബാധിച്ചതും കറവ വറ്റിയതാണെന്നും സർക്കാർ സഹായമില്ലാതെ ഇവയെ പരിപാലിക്കാനാകില്ലെന്നും പരിപാലനകേന്ദ്രം മാനേജർമാർ പറയുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെ തങ്ങൾക്ക്‌ തന്ന ഉറപ്പുപാലിക്കുന്നില്ലെന്നും ഒരു രൂപപോലും ഇതുവരെ അനുവദിച്ചില്ലെന്നും ഗോസേവാ സംഘം ജനറൽ സെക്രട്ടറി വിപുൽ മാലി പറഞ്ഞു. സർക്കാർ തുക നൽകുമെന്നു പറഞ്ഞതിനാൽ ആളുകൾ ഇപ്പോൾ സംഭാവന നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുപ്പതിനകം സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തുടനീളം ഗോ അധികാർ യാത്ര നടത്താനിരിക്കുകയാണ്‌ സംഘടന.   Read on deshabhimani.com

Related News