"ആദായ നികുതിയിളവുകൾ' ​ഗുണംചെയ്യുക ഉയർന്ന വരുമാനക്കാർക്ക് മാത്രം ; സഹകരണമേഖലയിൽ കേന്ദ്രത്തിന്റെ കടന്നുകയറ്റം



● ഭക്ഷ്യ സബ്‌സിഡിയിൽ 31 ശതമാനത്തിന്റെ കുറവ്‌ ● വളം സബ്സിഡി 22 ശതമാനം വെട്ടിക്കുറച്ചു ● വിള ഇൻഷുറൻസ്‌ പദ്ധതി 
വിഹിതവും വെട്ടിക്കുറച്ചു  ●  അതിസമ്പന്നരുടെ ആദായ നികുതിയിന്മേലുള്ള സർചാർജ് 37ൽ നിന്ന് 25 ശതമാനമാക്കി കുറച്ചു 
●"ആദായ നികുതിയിളവുകൾ' ​ഗുണംചെയ്യുക ഉയർന്ന വരുമാനക്കാർക്ക് മാത്രം ●ന്യൂനപക്ഷ മന്ത്രാലയ വിഹിതം വെട്ടിച്ചുരുക്കി 
● സഹകരണമേഖലയിൽ കേന്ദ്രത്തിന്റെ കടന്നുകയറ്റം ശക്തിപ്പെടുത്തും ന്യൂഡൽഹി ജനകീയപദ്ധതികൾ ഒന്നുമില്ലാതെ നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്‌. പൊതുചെലവുകളിൽനിന്ന്‌ പരമാവധി ഒഴിഞ്ഞുമാറിയ ബജറ്റിൽ പ്രഖ്യാപിച്ചവയിലേറെയും ആവര്‍ത്തനം. "അമൃതകാലത്തെ' ആദ്യബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശേഷിപ്പിച്ച ബജറ്റ് ഭീമമായ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കം നാട് നേരിടുന്ന പ്രതിസന്ധികള്‍ കണ്ടില്ലെന്ന് നടിച്ചതോടെ വരാനുള്ള "മൃതകാല'ത്തിന്റെ വിളംബരപത്രമായി. 2023–-24 വർഷത്തേക്ക്‌ 45 ലക്ഷം കോടി രൂപ ചെലവും 27.2 ലക്ഷം കോടി രൂപ വരവും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. ധനകമ്മി നികത്താൻ 15.4 ലക്ഷം കോടി വിപണിയിൽനിന്ന്‌ കടമെടുക്കും. അതേസമയം, 35,000 കോടി രൂപയുടെ നികുതിയിളവ്‌ സമ്പന്നർക്ക്‌ നൽകി. പൊതു–- സ്വകാര്യപങ്കാളിത്ത പദ്ധതികളാണ്‌ സർവമേഖലയിലെയും ലക്ഷ്യം. കാർഷിക–- ഗ്രാമീണ മേഖലകൾക്കുള്ള വിഹിതം വെട്ടിക്കുറച്ചു.  മൂലധനനിക്ഷേപം 10 ലക്ഷം കോടിയാക്കി ഉയർത്തുമെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും നടപ്പുവർഷം സർക്കാരിന്റെ പ്രവർത്തനം ഈ ദിശയിൽ ആശാവഹമല്ല. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ ഒറ്റത്തവണ നിക്ഷേപ പദ്ധതി ‘മഹിളാ സമ്മാൻ സേവിങ് സർട്ടിഫിക്കറ്റ്'  പ്രഖ്യാപിച്ചു. 2025 മാർച്ചുവരെ 7.5 ശതമാനം സ്ഥിര പലിശ നിരക്കിൽ രണ്ടു ലക്ഷം രൂപവരെ നിക്ഷേപിക്കാം  ആദായനികുതി പരിധി ഉയര്‍ത്തി; പഴയ സ്കീമില്‍ ആശ്വാസമില്ല കേന്ദ്ര ബജറ്റിൽ പുതിയ സ്‌കീമിൽ ആദായനികുതി ഇളവുപരിധി അഞ്ചുലക്ഷത്തിൽനിന്ന്‌ ഏഴുലക്ഷമാക്കി ഉയർത്തി. ഏഴുലക്ഷം രൂപവരെ വാർഷികവരുമാനമുള്ള വ്യക്തികൾ ആദായനികുതി നൽകേണ്ട. എന്നാൽ, അതിനുമുകളിൽ വരുമാനമുള്ളവർ മൂന്നുലക്ഷത്തിന്‌ മുകളിലുള്ള തുകയ്ക്ക്‌   സ്ലാബ് പ്രകാരം നൽകേണ്ടി വരും. നികുതി സ്ലാബുകൾ ആറിൽനിന്ന് അഞ്ചാക്കി കുറച്ചിട്ടുണ്ട്.2020ലെ ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി സ്കീമിൽ അംഗങ്ങളായവർക്കുമാത്രമാണ് ഈ ഇളവ് ലഭിക്കുക. പഴയ സ്കീമിൽ തുടരുന്നവർ നിലവിലുള്ള സ്ലാബ് നിരക്ക് അനുസരിച്ച് തുടർന്നും നികുതി നൽകേണ്ടിവരും. പുതിയ സ്ലാബിൽ ആദായനികുതി ഇളവിനുള്ള പരിധിയിൽ നാമമാത്രവർധനയാണുള്ളത്‌. ആദ്യസ്ലാബിന്റെ പരിധി  2.5 ലക്ഷമായിരുന്നത്‌ മൂന്നുലക്ഷമായി ഉയർത്തി. ജീവിതച്ചെലവ് വൻതോതിൽ വർധിച്ചതിനാൽ പരിധി അഞ്ചുലക്ഷമായെങ്കിലും ഉയർത്തുമെന്നാണ്  പ്രതീക്ഷിച്ചിരുന്നത്.   മാസശമ്പളക്കാരായ നികുതിദായകർക്ക് ഓരോ വർഷവും താൽപ്പര്യമനുസരിച്ച് പുതിയ സ്കീമോ പഴയ സ്കീമോ തെരഞ്ഞെടുക്കാം. പഴയ സ്കീമിൽ ഭവനവായ്‌പ, ഇൻഷുറൻസ്‌ തുടങ്ങിയ ചെലവുകളുടെ ഇളവുകൾ ലഭ്യമാകും. എന്നാൽ, പുതിയ സ്കീം തെരഞ്ഞെടുക്കുന്നവർക്ക്  അവ നഷ്ടപ്പെടും. സ്‌റ്റാൻഡേർഡ്‌ ഡിഡക്ഷൻ ആനുകൂല്യം പുതിയ വരുമാന നികുതി ഘടന സ്വീകരിച്ചിട്ടുള്ള മാസശമ്പളക്കാർ,  പെൻഷൻകാർ എന്നിവർക്കും ഇനി മുതൽ 50,000 രൂപ വരെ സ്‌റ്റാൻഡേർഡ്‌ ഡിഡക്ഷൻ ആനുകൂല്യം ലഭ്യമാകും.   ഏതു വരുമാന നികുതിഘടനയാണ്‌ സ്വീകരിക്കേണ്ടതെന്ന്‌  അറിയിക്കാത്തവർക്ക്‌ ഇനി മുതൽ പുതിയ നികുതിഘടനയാകും ബാധകമാകുക. പഴയ നികുതിഘടന  പിന്തുടരാൻ താൽപ്പര്യപ്പെടുന്നവർക്ക്‌ അങ്ങനെ തുടരാം. സ്വകാര്യ ജീവനക്കാർ വിരമിക്കുന്ന ഘട്ടത്തിലെ ലീവ്‌ എൻകാഷ്‌മെന്റിനുള്ള നികുതി ഇളവ്‌ പരിധി മൂന്ന്‌ ലക്ഷം രൂപയിൽനിന്നും 25 ലക്ഷം രൂപയാക്കി ഉയർത്തി. കേരളത്തിന്‌ ഇതുമാത്രം കേന്ദ്ര ബജറ്റിൽ റബർ ബോർഡിന്‌ 268.76 കോടി അനുവദിച്ചിട്ടുണ്ട്‌. കൊച്ചിയിലെ സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിക്ക്‌ 100 കോടി അനുവദിച്ചു. മുൻ ബജറ്റിൽ 126.05 കോടി അനുവദിച്ച സ്ഥാനത്താണ് ഇത്‌. സ്‌പൈസസ്‌ ബോർഡിന്‌ 115.5 കോടി രൂപയും ടീബോർഡിന്‌ 135 കോടിയും കോഫീബോർഡിന്‌ 226.2 കോടി രൂപയും അനുവദിച്ചു. ദേശീയ മത്സ്യബന്ധന വികസന ബോർഡിന്‌ 19 കോടി നീക്കിവച്ചു. കേരളത്തിലെ മറ്റ്‌ കേന്ദ്രസ്ഥാപനങ്ങൾക്കുള്ള വിഹിതം:- കൊച്ചി കപ്പൽശാല–- 300 കോടി, കൊച്ചിൻ പോർട്ട്‌ട്രസ്റ്റ്‌–- 14.74 കോടി, തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത്‌സയൻസ്‌ സ്റ്റഡീസ്‌–- 16 കോടി, തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി–- 129 കോടി, ശ്രീചിത്തിരതിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌–- 335 കോടി, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പെയ്‌സ്‌ സയൻസ്‌–- 122 കോടി, സി–-ഡാക്ക്‌–- 240 കോടി, തിരുവനന്തപുരത്തേത്‌ അടക്കം വിവിധ ഐസറുകൾക്കായി 345 കോടി, എല്ലാ ഐഐടികൾക്കുമായി 3242 കോടി രൂപ. ● 5 കിലോ സൗജന്യഅരി പിഎം ഗരീബ് കല്യാൺ അന്നയോജന ഒരു വർഷംകൂടി തുടരും  ● സംസ്ഥാനങ്ങൾക്ക് ഒരു വർഷംകൂടി 50 വർഷ കാലാവധിയിൽ പലിശരഹിത വായ്പ നൽകും ● രണ്ടായിരത്തിനാൽപ്പത്തേഴോടെ അരിവാൾ രോഗം നിർമാർജനം ചെയ്യുന്നതിന് പ്രത്യേക പദ്ധതി ● ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് പുതിയ പദ്ധതി ● 157 നഴ്സിങ്‌ കോളേജ്‌ തുടങ്ങും ● രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങളും ഹെലിപാഡുകളും സജ്ജീകരിക്കും ● ഗോത്രവിഭാഗങ്ങളുടെ വികസനത്തിന് മൂന്നു വർഷത്തേക്ക്‌ 15,000 കോടി  ● നഗരവികസനത്തിന് 10,000 കോടി ● ആത്മനിർഭർ ക്ലീൻ പ്ലാന്റ് പദ്ധതിക്ക്‌ 2200 കോടി ● ഗതാഗതമേഖലയ്ക്ക് 75,000 കോടി ● പരിസ്ഥിതി സംരക്ഷണത്തിന് പ്രധാനമന്ത്രി പ്രണാം പദ്ധതി ● പ്രധാനമന്ത്രി പാർപ്പിട പദ്ധതിയുടെ വിഹിതം 79,000 കോടിയാക്കി ● പട്ടികവർഗ വിഭാഗങ്ങൾക്കായി 15,000 കോടി രൂപയുടെ പദ്ധതി ● തീരപ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കുന്നതിന് മിഷ്ടി പദ്ധതി ● മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ ഉപപദ്ധതി ● പരമ്പരാഗത കരകൗശല വിദഗ്ധർക്കും കലാകാരന്മാർക്കുമായി പ്രധാൻ മന്ത്രി വിശ്വകർമ കൗശൽ സമ്മാൻ പദ്ധതി ● കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി ● 5 ജി സേവനം ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കാന്‍ എൻജിനിയറിങ് സ്ഥാപനങ്ങളിൽ 100 ലാബ്‌ ● മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് ജൈവ കൃഷിയിലേക്ക് മാറാനുള്ള സഹായം നൽകും ● നെറ്റ് സീറോ കാർബൺ ലക്ഷ്യമിട്ട് രണ്ടായിരത്തിഎഴുപതോടെ  കാർബൺ സന്തുലിത സ്ഥിതിയിലെത്താൻ ശ്രമം ● ഊർജമേഖലയിലെ സുസ്ഥിര പ്രവർത്തനങ്ങൾക്ക് 35,000 കോടി രൂപ മൂലധന നിക്ഷേപം ● ജൽ ജീവൻ മിഷന് 70,000 കോടി രൂപ ● കർണാടകത്തിന് വരൾച്ച സഹായമായി 5300 കോടി ● പുനരുപയോഗ ഊർജ പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി ● സംസ്ഥാനങ്ങൾ 3.5 ശതമാനം വരെ വായ്പയെടുക്കണമെങ്കില്‍ ഊർജമേഖലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കണം ● കാർഷികമേഖലയിൽ സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കും ● ബാങ്കിങ്‌ മേഖലയിൽ പരിഷ്‌കാരങ്ങൾക്കായി നിയമഭേദഗതി ● ആത്മനിർഭർ, മിഷൻ കർമയോഗി, ഗ്രീൻ ഹൈഡ്രജൻ മിഷൻ പദ്ധതികൾ  ആവർത്തിച്ചു ● ആദിവാസി വിദ്യാർഥികൾക്കായി  740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ ● ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി രാജ്യത്ത്‌ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ Read on deshabhimani.com

Related News