സെന്‍സെക്സ് റെക്കോഡ് 
ഉയരത്തില്‍ ; ആദ്യമായി 62,000നുമുകളിൽ ക്ലോസ് ചെയ്തു



കൊച്ചി ഓഹരിവിപണി കുതിച്ചു. ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 62,000നുമുകളിൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി റെക്കോഡ് ഉയരമായ 18,604ന് അരികിലെത്തി. നിഫ്റ്റി 216.80 പോയിന്റ് നേട്ടത്തിൽ 18484.10ലും സെൻസെക്സ് 762.10 പോയിന്റ് ഉയർന്ന് 62272.68ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 1.24 ശതമാനവും നിഫ്റ്റി 1.19 ശതമാനവും നേട്ടം രേഖപ്പെടുത്തി. ദിനവ്യാപാരവേളയിൽ സെൻസെക്സ് 900 പോയിന്റ് ഉയർന്ന് 62,412 എന്ന പുതിയ ഉയരത്തിലെത്തി. 2021 ഒക്ടോബർ 19ലെ 62,245 എന്ന റെക്കോഡാണ് ഇതിലൂടെ മറികടന്നത്. തുടർച്ചയായ മൂന്നാംദിവസമാണ് വിപണി നേട്ടമുണ്ടാക്കിയത്. ആ​ഗോളവിപണിയിലെ മുന്നേറ്റമാണ് തുണയായത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നുവെന്ന യുഎസ് ഫെഡ് റിസർവിന്റെ നിരീക്ഷണവും ഭാവിയിലെ പലിശനിരക്ക് വർധനയിൽ കുറവുണ്ടാകുമെന്ന സൂചനയും ക്രൂഡ് വില കുത്തനെ കുറഞ്ഞതുമാണ് ആ​ഗോളവിപണിക്ക് കുതിപ്പ് നൽകിയത്. ഐടി, ക്യാപിറ്റൽ ​ഗുഡ്സ്, ഓയിൽ ആൻഡ് ​ഗ്യാസ്, ഓട്ടോ ഓഹരികളാണ് പ്രധാനമായും കരുത്തുപകർന്നത്. ബിഎസ്ഇ ഐടി സൂചിക 2.30 ശതമാനം മുന്നേറി. ഇൻഫോസിസ് ഓഹരി 2.93 ശതമാനം നേട്ടവുമായി മുന്നിലെത്തി. എച്ച്സിഎൽ ടെക് 2.59 ശതമാനവും പവർ​ഗ്രിഡ് കോർപറേഷൻ 2.56 ശതമാനവും ലാഭം നേടി. വിപ്രോ (2.43), ടെക്മഹീന്ദ്ര (2.39), ടിസിഎസ് (2.06), എച്ച്ഡിഎഫ്സി (1.99), റിലയൻസ് (1.02) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു ചില പ്രധാന ഓഹരികൾ. ടാറ്റാ സ്റ്റീൽ, ബജാജ് ഫിൻസെർവ്, കൊട്ടക് മഹീന്ദ്ര ഓഹരികൾ നഷ്ടം നേരിട്ടു. Read on deshabhimani.com

Related News