കൈയേറ്റം ഇഷ്‌ടക്കാരുടേതെങ്കിൽ ബിജെപി ബുൾഡോസർ അനങ്ങില്ല: ബൃന്ദ

മാർച്ചിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ സംസാരിക്കുന്നു


ന്യൂഡൽഹി > ഡൽഹിയിൽ ന്യൂനപക്ഷങ്ങളെ ബുൾഡോസർ ഉപയോഗിച്ച്‌ ബിജെപി വേട്ടയാടുന്നതിനെതിരെ പ്രതിഷേധവുമായി ഇടതു പാർടികൾ. സിപിഐ എം, സിപിഐ, സിപിഐ എംഎൽ, ആർഎസ്‌പി, ഫോർവേർഡ്‌ ബ്ലോക്ക്‌ തുടങ്ങിയ പാർടികളുടെ നേതൃത്വത്തിൽ ലഫ്‌റ്റനന്റ്‌ ഗവർണറുടെ വസതിക്കുമുമ്പിൽ നടത്തിയ പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ന്യൂനപക്ഷങ്ങളുടെയും പാവപ്പെട്ടവരുടെയും വീടും ജീവിതോപാധിയും തകർക്കുന്ന ആർഎസ്‌എസ്‌ - ബിജെപി ബുൾഡോസറുകൾ ഇഷ്‌ടക്കാരുടെ കൈയേറ്റം കാണുമ്പോൾ അനങ്ങാതെ നിൽക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. സംഘടിത തൊഴിലാളിവർഗം ഇവർക്ക്‌ വരുംദിവസങ്ങളിൽ തക്ക മറുപടി നൽകുമെന്നും അവർ പറഞ്ഞു. അമർജിത്‌ കൗർ,  ബിനോയ്‌ വിശ്വം എംപി, ദിനേഷ്‌ വർഷ്‌ണേ (സിപിഐ), സുജേത ഡേ (സിപിഐ എംഎൽ), ശത്രുജീത്‌ (ആർഎസ്‌പി), ബിർജു നായിക്‌ (സിജിപിഐ) തുടങ്ങിയവർ സംസാരിച്ചു. 43 ബഹുജന സംഘടനയും വിദ്യാർഥികളും സമരത്തിന്റെ ഭാഗമായി. ബിജെപി ഭരണത്തിൽ പെരുകുന്ന തൊഴിലില്ലായ്‌മയ്‌ക്കെതിരെയും പണപ്പെരുപ്പംപോലുള്ള വിഷയങ്ങളിലും ബഹുജന മുന്നേറ്റത്തിനും ആഹ്വാനം ചെയ്‌തു. Read on deshabhimani.com

Related News