ഗുസ്തി താരത്തെ ബ്രിജ്‌ഭൂഷന്റെ വീട്ടിലെത്തിച്ച്‌ പൊലീസ്‌ തെളിവെടുത്തു



ന്യൂഡൽഹി > പതിനഞ്ചിനകം കുറ്റപത്രം സമർപ്പിക്കുമെന്ന്‌ കായികമന്ത്രി ഉറപ്പുനൽകിയതോടെ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെതിരെയുള്ള അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്‌. അതിക്രമം നടന്നുവെന്ന്‌ താരങ്ങൾ വെളിപ്പെടുത്തിയ ബ്രിജ്‌ഭൂഷന്റെ ഡൽഹിയിലെ വസതിയിൽ സമരക്കാരിൽ ഒരാളായ സംഗീത ഫോഗട്ടിനെ എത്തിച്ച പൊലീസ്‌ തെളിവെടുത്തു.  ഫെഡറേഷൻ ഓഫീസിലും തെളിവെടുത്തു. പകൽ ഒന്നരയ്‌ക്ക്‌ വനിത പൊലീസിന്റെ അകമ്പടിയോടെയാണ്‌ സംഗീതയെ എത്തിച്ചത്‌.അരമണിക്കൂർ വസതിയിൽ തുടർന്ന പൊലീസ്‌ സംഘം ബ്രിജ്‌ഭൂഷണിൽ നിന്ന്‌ താരങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച്‌ ചോദിച്ചറിഞ്ഞു. പിന്നാലെ കേസ്‌ ഒത്തുതീർപ്പാക്കാനാണ്‌ താരം വസതിയിൽ എത്തിയതെന്ന വാർത്ത പ്രചരിപ്പിക്കപ്പെട്ടുവെങ്കിലും ബജ്‌റംഗ്‌ പൂനിയ അടക്കമുള്ളവർ ഇത്‌ നിഷേധിച്ചു. അന്വേഷണത്തിൽ സഹകരിക്കുന്നതിന്റെ ഭാഗമായാണ്‌ താരം പോയതെന്ന്‌ വ്യക്തമാക്കിയ ബജ്‌റംഗ്‌, വ്യാജവാർത്തയ്‌ക്ക്‌ പിന്നിൽ ബ്രിജ്‌ഭൂഷൺ ആണെന്നും അറസ്‌റ്റ്‌ അനിവാര്യമാണെന്നും വ്യക്തമാക്കി. പൊലീസ്‌ താരങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും താരം  ആരോപിച്ചു. ആരോപണം ആവർത്തിച്ച്‌ റഫറി താരങ്ങൾ അതിക്രമത്തിന്‌ ഇരയായെന്ന മൊഴിയിൽ  ഉറച്ച്‌ അന്താരാഷ്‌ട്ര റഫറി ജഗ്‌ബീർ സിങ്‌. ബ്രിജ്‌ഭൂഷണെ വർഷങ്ങളായി അറിയാം. 2013 മുതൽ പല അതിക്രമങ്ങളും നേരിട്ടുകണ്ടിട്ടുണ്ട്‌. 2013ൽ കസാഖ്‌സ്ഥാനിൽവെച്ച്‌ ജൂനിയർ താരങ്ങളെ ബ്രിജ്‌ഭൂഷണും തായ്‌ലാന്റിൽ നിന്നുള്ള സുഹൃത്തുക്കളും ചേർന്ന്‌  അപമാനിക്കുന്നത്‌ കണ്ടു. ഏതെങ്കിലും കള്ളൻ കട്ടുവെന്ന്‌ സമ്മതിക്കുമോ എന്നായിരുന്നു ബ്രിജ്‌ഭൂഷന്റെ ആവർത്തിച്ചുള്ള നിഷേധത്തിനുള്ള സിങിന്റെ മറുപടി. കഴിഞ്ഞ വർഷം മാർച്ചിൽ ഫോട്ടോയെടുക്കുന്നതിനിടെ ഒരു താരം അസ്വസ്ഥയാകുന്നത്‌ കണ്ടിരുന്നുവെന്നും എന്തോ മോശം കാര്യം സംഭവിച്ചുവെന്ന്‌ ഉറപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്‌ഐആറിലും സമാന അതിക്രമത്തെ കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്രായപൂർത്തിയാകാത്ത താരം മൊഴിമാറ്റിയതിൽ പ്രതികരിക്കാനില്ലന്നാണ്‌  ജഗ്‌ബീർ സിങ്‌ പറഞ്ഞത്‌.അന്വേഷണ സംഘത്തോടും 2007 മുതൽ അന്താരാഷ്‌ട്ര റഫറിയായ സിങ്‌ അതിക്രമങ്ങളെക്കുറിച്ച്‌ മൊഴി നൽകിയിരുന്നു.   താരങ്ങൾക്കെതിരെയുള്ള പരാതി തള്ളി സമരം ചെയ്യുന്ന ബജ്‌റംഗ്‌ പൂനിയ, വിനേഷ്‌ ഫോഗട്ട്‌, സാക്ഷി മലിക്‌ തുടങ്ങിയവർ വിദ്വേഷ മുദ്രാവാക്യം മുഴക്കിയെന്ന പരാതി തള്ളി കോടതി. അടൽ ജൻ പാർടി തലവൻ എന്നവകാശപ്പെട്ട്‌ ബാം ബാം മഹാരാജ് നൗഹതിയ എന്നയാൾ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതിയിൽ താരങ്ങൾക്കെതിരെ കേസെടുക്കണമെന്ന്‌  ഹർജി  നൽകിയിരുന്നു. എന്നാൽ പരാതിക്കാരൻ തന്ന വീഡിയോയിൽ വിദ്വേഷ മുദ്രാവാക്യവും വിളിക്കുന്ന ദൃശ്യങ്ങളില്ലന്ന്‌ പൊലീസ്‌ വെള്ളിയാഴ്‌ച റിപ്പോർട്ട്‌ നൽകി. തുടർന്ന്‌ ജഡ്‌ജി പരാതി തള്ളി. Read on deshabhimani.com

Related News