സ്വർണമെഡൽ നേടിയ രാത്രിയിലും പീഡനം ; എഫ്‌ഐആർ വിവരങ്ങൾ പുറത്ത്‌



ന്യൂഡൽഹി ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെ അറസ്‌റ്റുചെയ്യാതെ കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ്‌ സംരക്ഷിക്കെ, ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്‌. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ ഗുസ്‌തി താരങ്ങൾ നൽകിയ രണ്ട്‌ പരാതികളിലെ എഫ്‌ഐആര്‍ വിവരങ്ങളാണ്‌ പുറത്തായത്‌. 2012നും 2022നും ഇടയിൽ രാജ്യത്തും വിദേശത്തുംവച്ച്‌ ബ്രിജ്‌ഭൂഷൺ നടത്തിയ നിരവധി ലൈംഗികാതിക്രമങ്ങളുടെ വിവരമാണ് പുറത്തുവന്നത്. സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും താൽപ്പര്യങ്ങൾക്ക്‌ വഴങ്ങിയാൽ സഹായങ്ങൾ വാഗ്‌ദാനം ചെയ്‌തെന്നും ​ഗുസ്തിതാരങ്ങള്‍ വെളിപ്പെടുത്തുന്നു. വർഷങ്ങളോളം നീണ്ട ചൂഷണം സഹിക്കാനാകാതെയാണ്‌ എല്ലാവരും പരാതി നൽകിയത്‌. പ്രധാന ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ രാത്രിയിൽ മുറിയിൽ വിളിച്ചുവരുത്തിയ ബ്രിജ്‌ഭൂഷൺ ലൈംഗികമായി ഉപദ്രവിച്ചു. വിളിച്ചുവരുത്തിയത്‌ അഭിനന്ദിക്കാനാണെന്നാണ്‌ കരുതിയത്‌. പെട്ടന്ന്‌ ബലമായി കെട്ടിപ്പിടിച്ചു. പിന്നീടും പലതരത്തിൽ പീഡനങ്ങൾ നേരിടേണ്ടിവന്നു.പ്രതിയെ ഭയന്ന്‌ മൊബൈൽ നമ്പർ മാറ്റിയിട്ടും അമ്മയുടെ ഫോണിൽ വിളിച്ച്‌ ഭീഷണി തുടർന്നു.– ഒരു ​ഗുസ്തിതാരത്തിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ പോകുന്നു. പ്രായപൂർത്തിയാകാത്ത താരത്തെ ഫോട്ടോയെടുക്കാനെന്ന വ്യാജേന ബലമായി ചേർത്ത്‌ നിർത്തി മാറിടത്തിലും സ്വകാര്യഭാഗങ്ങളും പിടിച്ചു. എതിർപ്പ്‌ വ്യക്തമാക്കിയിട്ടും പിന്മാറിയില്ല. മറ്റൊരു താരം ഭക്ഷണശാലയിൽവച്ച്‌ പീഡനത്തിനിരയായി. സ്വകാര്യഭാഗങ്ങളിൽ ബലമായി പിടിച്ച പ്രതി വസതിയിലെ ഫെഡറേഷൻ ഓഫീസിലും ശ്വാസോച്ഛാസം പരിശോധിക്കാനെന്ന പേരിൽ അതിക്രമം ആവർത്തിച്ചു. മറ്റൊരു താരം മാറ്റിൽ വിശ്രമിക്കവേ ബ്രിജ്‌ഭൂഷൺ ബലമായി ജഴ്‌സി ഉയർത്തി സ്വകാര്യഭാഗങ്ങളിൽ പിടിച്ചു. ഓഫീസിൽ വിളിച്ചുവരുത്തിയും ഇത്‌ തുടർന്നു. മറ്റൊരു താരത്തിന്റെയും ജഴ്‌സി ഉയർത്തിമാറ്റി സ്വകാര്യഭാഗങ്ങളിൽ പിടിച്ചു. അശ്ലീല സംഭാഷണം നടത്തി. ഒറ്റയ്‌ക്ക്‌ ഭക്ഷണം കഴിക്കാൻ പോകേണ്ടെന്ന്‌ പിന്നീട്‌ താരങ്ങൾ തീരുമാനിക്കേണ്ട നിലവന്നു. ഫോട്ടോയെടുക്കാൻ നിൽക്കവേ ബ്രിജ്‌ഭൂഷൺ മറ്റൊരു താരത്തിന്റെ പിൻഭാഗത്ത്‌ പിടിച്ചു. മാറിനിൽക്കാൻ ശ്രമിച്ചിട്ടും ബലമായി അടുപ്പിച്ചു നിർത്തി. മറ്റൊരാൾക്കും സമാന അനുഭവമുണ്ടായി. കൈതട്ടിമാറ്റിയപ്പോൾ ഇനി ടൂർണമെന്റിൽ പങ്കെടുക്കുന്നത്‌ കാണാമെന്ന്‌ ഭീഷണിപ്പെടുത്തി. അയോധ്യറാലിക്ക്‌ അനുമതിയില്ല: 
മാറ്റിവയ്‌ക്കുന്നെന്ന്‌ ബ്രിജ്‌ ഭൂഷൺ ഗുസ്‌തി താരങ്ങളുടെ സമരം രൂക്ഷമാകവെ അഞ്ചിന്‌ അയോധ്യയിൽ ബ്രിജ്‌ ഭൂഷൺ പ്രഖ്യാപിച്ച റാലിക്ക്‌ ജില്ലാ ഭരണനേതൃത്വം അനുമതി നിഷേധിച്ചു. ലോക പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നടക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന്‌ അറിയിച്ചെന്ന്‌ അയോധ്യ എസ്‌പി ഗൗതം വ്യക്തമാക്കി. ബിജെപി കൗൺസിലർ ചമേലാ ദേവിയാണ്‌ അനുമതിക്കായി കത്ത്‌ നൽകിയത്‌. എന്നാൽ, സമൂഹത്തിൽ വ്യാപിക്കുന്ന ‘തിന്മ’കൾക്കെതിരെ അയോധ്യയിൽ നടത്താനിരുന്ന സന്യാസ സമ്മേളനവും റാലിയും കുറച്ചുദിവസത്തേക്ക്‌ മാറ്റിവയ്‌ക്കുകയാണെന്ന്‌ ബ്രിജ്‌ ഭൂഷൺ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. Read on deshabhimani.com

Related News