ബ്രഹ്മപുരം : ഏഴുവർഷത്തെ കരാർ രേഖകൾ 
ഹാജരാക്കണമെന്ന്‌ ഹൈക്കോടതി



കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട കഴിഞ്ഞ ഏഴുവർഷത്തെ കരാർരേഖകൾ ഹാജരാക്കാൻ കൊച്ചി കോർപറേഷനോട്‌ ഹൈക്കോടതി നിർദേശിച്ചു.  മാലിന്യശേഖരണം,  മാലിന്യംനീക്കൽ, സംസ്‌കരണം എന്നീ വിഭാഗത്തിലായി ചെലവഴിച്ച തുകയുടെ വിശദാംശമടക്കം സമർപ്പിക്കണം.  ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട്‌  സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുന്നതിനിടെയാണ്‌ ജസ്‌റ്റിസ്‌ എസ്‌ വി ഭാട്ടി, ജസ്‌റ്റിസ്‌ ബസന്ത്‌ ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ  നിർദേശം. തീപിടിത്തവുമായി ബന്ധപ്പെട്ട്‌  ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി റിപ്പോർട്ട്‌ സമർപ്പിച്ചു.  ഖരമാലിന്യ സംസ്‌കരണത്തിന്‌ കൊച്ചിയിൽ വാർറൂം തുറക്കുമെന്ന്‌ തദ്ദേശഭരണ സെക്രട്ടറി കോടതിയെ അറിയിച്ചു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ഹർജിയിലെ പരിഗണനാവിഷയങ്ങൾ അഡീഷണൽ ചീഫ്‌ സെക്രട്ടറിയും കോർപറേഷൻ സെക്രട്ടറിയും ചൊവ്വാഴ്‌ച കോടതിയെ അറിയിക്കണം. ഇതോടൊപ്പം  സംസ്ഥാനത്തെ മറ്റു നഗരസഭകളിലെ മാലിന്യസംസ്‌കരണം സംബന്ധിച്ച നിർദേശങ്ങളും നൽകണം. ഖരമാലിന്യ സംസ്‌കരണ നിയമങ്ങൾ ബ്രഹ്മപുരത്ത്‌ ലംഘിക്കപ്പെടുന്നുവെന്ന്‌ കോടതി വിമർശിച്ചു. അന്തരീക്ഷ മലിനീകരണ തോത്‌ കുറഞ്ഞതുസംബന്ധിച്ച്‌ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ്‌ ചെയർമാനോ അദ്ദേഹം ഏർപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ റിപ്പോർട്ട്‌ നൽകണം. മലിനീകരണ പ്രശ്‌നത്തിന്‌ ശാശ്വതപരിഹാരം നിർദേശിക്കാൻ 10 ദിവസത്തെ സാവകാശം തദ്ദേശഭരണ അഡീഷണൽ ചീഫ്‌ സെക്രട്ടറി തേടി. ഹർജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. വാഴക്കാല സ്വദേശി മരിച്ചത്‌ വിഷപ്പുകയേറ്റാണെന്ന ആരോപണം പരിശോധിക്കാനും വിശദാംശങ്ങൾ ചൊവ്വാഴ്‌ച കോടതിയെ അറിയിക്കാനും വാക്കാൽ നിർദേശിച്ചു. തീപിടിത്തം നിയന്ത്രിച്ചതായി കലക്ടർ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം തിങ്കൾ വൈകിട്ടോടെ പൂർണമായി നിയന്ത്രിച്ചതായി കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ ഹൈക്കോടതിയെ അറിയിച്ചു. തീയും പുകയും നിയന്ത്രിക്കാൻ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്‌.  സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഓൺലൈനായി ഹാജരായി കോടതിയെ കലക്ടർ അറിയിച്ചു. കലക്ടർ നേരിട്ട്‌ ഹാജരാകാത്തതിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. Read on deshabhimani.com

Related News