മമത സർക്കാരിനെ സംരക്ഷിക്കുന്നു , ബംഗാൾ ഗവർണർക്കെതിരെ ബിജെപി സംസ്ഥാന ഘടകം



ന്യൂഡൽഹി/ കൊൽക്കത്ത പശ്ചിമ ബംഗാൾ സർക്കാരുമായി പുതിയ ഗവർണർ സി വി ആനന്ദ ബോസ്‌ രമ്യതയിൽ പ്രവർത്തിക്കുന്നതിൽ അതൃപ്‌തിയുമായി ബിജെപി സംസ്ഥാന ഘടകം. വ്യാഴാഴ്ച സരസ്വതി പൂജയോട്‌ അനുബന്ധിച്ച് ബംഗാളി ഭാഷ പഠിക്കുന്നതിന്‌ തുടക്കമിടാൻ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച ‘ഹാതേ ഘോരി’ എന്ന ചടങ്ങ്‌ വലിയ പൊട്ടിത്തെറിയിൽ കലാശിച്ചു. മുഖ്യമന്ത്രി മമത ബാനർജി ചടങ്ങിൽ പങ്കെടുക്കുകയും ഇരുവരും പരസ്‌പരം പ്രശംസിക്കുകയും ചെയ്‌തു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ ബിജെപി നേതാക്കൾ പരിപാടിയിൽനിന്ന്‌ വിട്ടുനിന്നു. പരാതിക്കു പിന്നാലെ ആനന്ദ ബോസിനെ  അടിയന്തരമായി ഡൽഹിക്ക്‌ വിളിപ്പിച്ചു. തന്നെ വിളിച്ചുവരുത്തിയെന്ന റിപ്പോർട്ടുകൾ ആനന്ദ ബോസ്‌ നിഷേധിച്ചു. ഗവർണറുടേത്‌ മുൻകൂട്ടി തീരുമാനിച്ച പരിപാടിയാണെന്ന്‌ രാജ്‌ഭവൻ വൃത്തങ്ങൾ പറഞ്ഞു. ചടങ്ങിൽ ഗവർണർ ജയ്‌ ബംഗ്ലാ മുദ്രാവാക്യം വിളിച്ചതും ബിജെപി നേതാക്കളെ ചൊടിപ്പിച്ചു. മമത ഉയർത്തുന്ന മുദ്രാവാക്യമാണിത്‌ എന്നതാണ്‌ അതൃപ്‌തിക്ക് ഇടയാക്കിയത്‌. ഗവർണർ മുഖ്യമന്ത്രിയുടെ കോപ്പി മെഷീനായെന്ന്‌ രാജ്യസഭാ എംപി സ്വപൻ ദാസ്ഗുപ്‌ത ആക്ഷേപിച്ചു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണറായിരിക്കെ മമത സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു. അതിൽനിന്ന്‌ വ്യത്യസ്‌ത നിലപാട്‌ ആനന്ദ ബോസ്‌ സ്വീകരിക്കുന്നുവെന്നാണ്‌ ബിജെപി നേതാക്കളുടെ ആരോപണം.   Read on deshabhimani.com

Related News