ഹരിയാനയിൽ ബിജെപിക്ക്‌ തിരിച്ചടി



ന്യൂഡൽഹി> ഹരിയാനയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക്‌ വൻ തിരിച്ചടി. 22 ജില്ലാ പരിഷത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ചിഹ്നത്തിൽ മത്സരിച്ച 102 സീറ്റിൽ എൺപതിലും ബിജെപി തോറ്റു. പഞ്ച്‌കുള, സിർസ ജില്ലകളിൽ ഒറ്റ സീറ്റിലും ബിജെപിക്കു ജയിച്ചില്ല. ബിജെപി ശക്തികേന്ദ്രമായി അറിയപ്പെടുന്ന അമ്പാലയിൽ രണ്ടു സീറ്റിൽ ഒതുങ്ങി. ഐതിഹാസിക കർഷകസമരത്തെ തുടർന്ന്‌ ഹരിയാനയിലെ ഗ്രാമങ്ങളിൽ കർഷകർ എതിരായതാണ്‌ ബിജെപിയുടെ ദയനീയ തോൽവിക്ക്‌ വഴിവച്ചത്. ബിജെപിക്കു പുറമെ ഐഎൻഎൽഡിയും ആംആദ്‌മി പാർടിയുമാണ്‌ ചിഹ്നത്തിൽ സ്ഥാനാർഥികളെ നിർത്തിയത്‌.  72 സീറ്റിൽ ചിഹ്നത്തിൽ മത്സരിച്ച ഐഎൻഎൽഡി 14 സീറ്റിൽ ജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാടെ തകർന്ന ഐഎൻഎൽഡിക്കിത് ആശ്വാസജയം. എഎപി സ്ഥാനാർഥികൾ 15 സീറ്റിൽ ജയിച്ചു. കോൺഗ്രസ്‌, ജെജെപി പാർടികൾ ചിഹ്നത്തിൽ മത്സരിച്ചില്ല. ആകെ 411 ജില്ലാ പരിഷത്ത്‌ സീറ്റിലേക്കാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. പഞ്ച്‌കുളയിൽ മത്സരിച്ച 10 സീറ്റിലും ബിജെപി തോറ്റു. അമ്പാലയിൽ മൂന്നുസീറ്റ്‌ നേടിയ എഎപി ബിജെപിയേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. സിർസയിൽ 24ൽ 10 സീറ്റ്‌ നേടി ഐഎൻഎൽഡി മുന്നേറി. ഓംപ്രകാശ്‌ ചൗതാലയുടെ കൊച്ചുമകൻ കരൺ ചൗതാലയും സിർസയിൽ ജയിച്ച ഐഎൻഎൽഡി സ്ഥാനാർഥികളിൽ ഉൾപ്പെടും. Read on deshabhimani.com

Related News