കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ; ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാര്‍ടിയില്‍നിന്ന് രാജിവെച്ചു



ന്യൂഡല്‍ഹി> കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിങ് കാങ് പാര്‍ടിയില്‍നിന്ന് രാജിവെച്ചു. പാര്‍ടിയുടെ പ്രാഥമിക അംഗത്വം അടക്കം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് സംസ്ഥാന പ്രസിഡന്റ് അശ്വനി ശര്‍മയ്ക്ക് മല്‍വിന്ദര്‍ കത്ത് നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ആഴ്ച്ചകളായി ജനാധിപത്യപരമായ പ്രക്ഷോഭം നടത്തിവരികയാണ്. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് പ്രശ്നം പരിഹരിക്കാന്‍ ക്രിയാത്മക നടപടി സ്വീകരിക്കണമെന്ന് പാര്‍ടി കേന്ദ്ര--സംസ്ഥാന നേതൃത്വങ്ങളോട് തുടര്‍ച്ചയായി അഭ്യര്‍ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്ന് മല്‍വിന്ദര്‍ രാജിക്കത്തില്‍ പറഞ്ഞു. തൊഴിലാളി--കര്‍ഷക ഐക്യം വിജയിക്കട്ടെ എന്ന് എഴുതിയാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്. കര്‍ഷകരോഷത്തിനു മുന്നില്‍ ബിജെപി നേതാക്കള്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നതിനു തെളിവാണ് മല്‍വീന്ദറിന്റെ രാജി. പുതിയ നിയമങ്ങളെ പിന്തുണയ്ക്കുന്ന നേതാക്കളെ കര്‍ഷകര്‍ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കുന്നില്ല. ശിരോമണി അകാലിദള്‍ തങ്ങളുടെ പ്രതിനിധിയെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുകയും തുടര്‍ന്ന് എന്‍ഡിഎ വിട്ടുപോവുകയും ചെയ്തു. ഹരിയാനയില്‍ ബിജെപി--ജെജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ കര്‍ഷകരില്‍നിന്ന് നിരന്തരസമ്മര്‍ദ്ദമാണ് ജെജെപി നേരിടുന്നത്.   Read on deshabhimani.com

Related News