ബിജെപിയെ തോല്‍പിക്കാന്‍ വിശാല മതനിരപേക്ഷസഖ്യം ഉയർത്തും: യെച്ചൂരി



ന്യൂഡൽഹി ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ സാധ്യമായ ഏറ്റവും വിശാല മതനിരപേക്ഷസഖ്യം സിപിഐ എം ഉയർത്തിക്കൊണ്ടുവരുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാനതല സഖ്യങ്ങളും തെരഞ്ഞെടുപ്പ്‌ ധാരണകളും വഴിയാണ്‌ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട്‌ ദിവസമായി ചേർന്ന പൊളിറ്റ്‌ബ്യൂറോ യോഗ തീരുമാനങ്ങൾ  വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു യെച്ചൂരി. സിപിഐ എമ്മിന്റെ സ്വതന്ത്ര കരുത്ത്‌ വളർത്തുന്നതിനൊപ്പം ഇടതുപക്ഷഐക്യം ശക്തിപ്പെടുത്താനും ഇടതുപക്ഷ– ജനാധിപത്യശക്തികളുടെ ഐക്യം കെട്ടിപ്പടുക്കാനും പൊളിറ്റ്‌ബ്യൂറോ തീരുമാനിച്ചു. രാജ്യത്ത്‌ ജനാധിപത്യഅവകാശങ്ങളും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാനും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാനുമായി മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചുനിർത്താൻ ശ്രമിക്കും. ബിഹാറിലെ രാഷ്‌ട്രീയമാറ്റത്തിനുശേഷം മതനിരപേക്ഷ പ്രതിപക്ഷകക്ഷികളെ ഒന്നിച്ചുനിർത്താനുള്ള ശ്രമങ്ങൾക്ക്‌ ഗതിവേഗം കൂടി. ഓരോ സംസ്ഥാനത്തും വെവ്വേറെ രാഷ്‌ട്രീയപാർടികൾക്കാണ്‌ ബിജെപിയെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം വഹിക്കാൻ കഴിയുക. തമിഴ്‌നാട്ടിൽ ഡിഎംകെയാണ്‌ ബിജെപി വിരുദ്ധമുന്നണിയെ നയിക്കുന്നത്‌. ബിജെപിക്ക്‌ കാര്യമായ പ്രസക്തിയില്ലാത്ത കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ്‌ മത്സരം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു താൽപ്പര്യമെടുത്തും ബിജെപിവിരുദ്ധ നീക്കം നടത്തുന്നു. ബംഗാളിൽ ബിജെപിയെ ചെറുക്കുന്നതിനൊപ്പം തൃണമൂലിന്റെ ജനദ്രോഹഭരണം തുറന്നുകാട്ടാതിരിക്കാനാകില്ല.  ദേശീയതലത്തിൽ ബദൽസർക്കാർ രൂപീകരണ ചർച്ചകൾ നടക്കേണ്ടത്‌ തെരഞ്ഞെടുപ്പിനുശേഷമാണ്‌. അടിയന്തരാവസ്ഥയ്‌ക്കു പിന്നാലെ 1977 മുതൽ രാജ്യത്ത്‌ ഭരണമാറ്റം ഉണ്ടായപ്പോഴെല്ലാം തെരഞ്ഞെടുപ്പിനുശേഷമാണ്‌ ബദൽമുന്നണിസർക്കാർ രൂപംകൊണ്ടത്‌. 1996, 1998, 2004 വർഷങ്ങളിലും ഇങ്ങനെയാണ്‌ നടന്നത്‌–-സീതാറാം യെച്ചൂരി വിശദീകരിച്ചു. Read on deshabhimani.com

Related News