ത്രിപുര നേരിട്ടത്‌ 1199 ആക്രമണം ; രാഷ്‌ട്രപതിക്കു മുന്നിലും പാർലമെന്റ്‌ സമ്മേളനത്തിലും വിഷയം ഉന്നയിക്കുമെന്ന്‌ പ്രതിപക്ഷ എംപിമാരുടെ സംഘം

image credit tripura cpim facebook


ന്യൂഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്‌ഫലംവന്ന മാർച്ച്‌ രണ്ട് മുതൽ ത്രിപുരയിൽ പ്രതിപക്ഷ പാർടി പ്രവർത്തകർക്കെതിരെ ബിജെപിക്കാർ നടത്തിയത്‌ 1199 ആക്രമണം. ത്രിപുര സന്ദർശിച്ച പ്രതിപക്ഷ എംപിമാരുടെ  വസ്തുതാന്വേഷണസംഘമാണ് അക്രമംനേരിട്ടവരുടെ വിവരം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്‌. തിങ്കളാഴ്‌ച പാർലമെന്റ്‌ സമ്മേളനത്തിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും ത്രിപുരയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ അടിന്തരമായി ഇടപെടല്‍ തേടി രാഷ്‌ട്രപതിയെ സന്ദർശിക്കുമെന്നും സംഘത്ത നയിച്ച സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം പറഞ്ഞു. സംസ്ഥാനത്ത്‌ സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കാൻ ശക്തമായ പ്രക്ഷോഭം ഉയർത്തും. ഇരകളെ സഹായിക്കാനുള്ള നീക്കം ഉടനാരംഭിക്കും. ത്രിപുരയിൽ എംപി സംഘത്തിനുനേരെയും ബിജെപിക്കാർ ആക്രമണത്തിന്‌ മുതിർന്നു. പൊലീസ്‌ അകമ്പടിയിൽ ബിശാല്‍ഗഢിൽ എംപിമാർ എത്തിയത്‌ അറിഞ്ഞില്ലെന്ന ജില്ലാ പൊലീസ്‌ മേധാവിയുടെ ന്യായീകരണം അപഹാസ്യമാണെന്നും എളമരം പറഞ്ഞു. ആക്രമണങ്ങൾക്ക്‌ പിന്നിൽ അമിത്‌ ഷാ അടക്കമുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്‌ പങ്കുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ ബിനോയ്‌ വിശ്വം പറഞ്ഞു. സിപിഐ എം എംപിമാരായ പി ആർ നടരാജൻ, എ എ റഹിം എന്നിവരും പങ്കെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജോയ്‌ കുമാറിന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. Read on deshabhimani.com

Related News